സന്ദേശം എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച പ്രഭാകരൻ കോട്ടപ്പള്ളി എന്ന കഥാപാത്രം പറയുന്ന വിശ്വ വിഖ്യാതമായ ഒരു വാചകമുണ്ട്. പോളണ്ടിനെക്കുറിച്ച് ഒന്നും പറയരുത് എന്നത്. അതിന്റെ സാഹചര്യം നോക്കിയാൽ തനിക്ക് പറയാൻ ഒന്നുമില്ലാതെ വരുമ്പോൾ തോറ്റമ്പി നിൽക്കുമ്പോൾ പറയുന്ന ഒരു മുട്ടാപ്പോക്ക് വാചകമായാണ് സിനിമയിൽ ആ ഭാഗം കാണിച്ചിരിക്കുന്നത്. എന്നാൽ സമീപകാല സാഹചര്യങ്ങളിൽ ആ പോളണ്ട് പലയിടത്തും നമ്മൾ കേട്ടുകൊണ്ടിരിക്കുകയാണ്. ചിലത് നമ്മൾ പെട്ടെന്ന് തിരിച്ചറിയും, ചിലത് നമ്മൾ അറിയാതെ കേട്ട് തള്ളും. അത്തരമൊരു പോളണ്ട് ആയി കേരളം എന്ന വാക്ക് മാറുന്നതാണ് കഴിഞ്ഞ ദിവസം നടന്ന കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് എന്ന സിനിമയുടെ അണിയറ പ്രവർത്തകർ നടത്തിയ പത്രസമ്മേളനത്തിൽ കണ്ടത്.
ഇന്ന് നമ്മൾ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് എന്ന സിനിമയുടെ വൈറലാ ആ ട്രെയിലറിനെ കുറിച്ചും പത്രസമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർ പ്രഭാകരൻ കോട്ടാപ്പള്ളിമാരായ സംഭവത്തെക്കുറിച്ച് പറയുന്നത് എങ്ങനെയെന്ന് നോക്കിയാലോ..
അതിനു മുമ്പ് ചിത്രത്തിന്റെ പേരിന്റെ അർത്ഥം കൂടി ഒന്ന് മനസിലാക്കേണ്ടതുണ്ട്. സിനിമയുടെ പേര് കേരള സ്റ്റോറി 2, ഗോസ് ബിയോണ്ട് എന്നാണ്. അതിന്റെ വാക്കിലെ അർത്ഥം കേരള സ്റ്റോറി അതിരുകൾ ഭേദിച്ച് പുറത്തേക്ക് കടക്കുന്നു എന്നാണ്. അതിലൂടെ തന്നെ ഈ കഥ കേരളത്തിൽ നടക്കുന്നതല്ല അവർ സൂചിപ്പിക്കുന്നുണ്ട്. അതായത് കേരള സ്റ്റോറിയിൽ പറഞ്ഞ കഥ കേരളത്തിൽ ഒതുങ്ങുന്നതല്ല, മറിച്ച് കേരളത്തിനു പുറത്തേക്കും വ്യാപിച്ചിരിക്കുന്നു, ആ കഥയാണ് ഈ രണ്ടാം ഭാഗം എന്നതാണ് പേരിൽ തന്നെ വ്യക്തമാവുന്നത്. ഇനി ട്രെയിലറുകളിൽ പറയുന്നത് നോക്കാം. യഥാർത്ഥത്തിൽ ഇപ്പോൾ വൈറലായ ആ ട്രെയിലർ സൺഷൈൻ പിക്ചേഴ്സിന്റെ ഔദ്യോഗിക ചാനലിൽ മാത്രം ഇതിനകം രണ്ടര കോടിയിലേറെ പേരാണ് കണ്ടിരിക്കുന്നത്. പിവിആറിന്റേയും മറ്റു ചാനലുകളിലൂടെയും അതിന്റെ എത്രയോ മടങ്ങ് പ്രചാരവും ലഭിച്ചു കഴിഞ്ഞു.
എന്നാൽ രസകരമായ വസ്തുത ഈ സിനിമയുടെ ആദ്യത്തെ ട്രെയിലർ ആയിരുന്നില്ല അത് എന്നതാണ്. ഒരു മാസം മുമ്പ് ഈ സിനിമയുടെ ആദ്യ ടീസർ വന്നിരുന്നു. ഇതേ ചാനലിൽ. അത് ആകെ കണ്ടിരിക്കുന്നത് കേവലം പത്തൊമ്പതിനായിരം പേർ മാത്രമാണ്. അത് കഴിഞ്ഞ് മൂന്നാഴ്‌ച മുമ്പ് ആദ്യത്തെ ട്രെയിലർ വന്നു. അന്ന് അതും വളരെ കുറച്ച് ആളുകൾ മാത്രമാണ് കണ്ടത്. അതിലും ഈപറഞ്ഞ പോലെ ലവ് ജിഹാദിനെക്കുറിച്ചുള്ള കാര്യങ്ങൾ തന്നെയാണ് സൂചിപ്പിച്ചിരുന്നത്. എന്നാൽ അതിനു ശേഷം ഇക്കഴിഞ്ഞ ദിവസമാണ് ഈ വൈറലായ ട്രെയിലർ വന്നത്. അതോടെയാണ് ഇങ്ങനൊരു സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങുന്നുവെന്ന് വലിയ പ്രചാരം വന്നത്.
എന്തായിരുന്നു ആദ്യ രണ്ട് ട്രെയിലറുകളെ അപേക്ഷിച്ച് ഈ ട്രെയിലറിന്റെ പ്രത്യേകത. ഇതിൽ ഒരു രംഗത്തിൽ ഒരു പെൺകുട്ടിയെ ബീഫ് കഴിക്കാൻ നിർബന്ധിക്കുന്ന രംഗമുണ്ട്. അതോടെ കേരളത്തിലെ സോകോൾഡ് പുരോഗമന വാദികൾ ഉണർന്നു. കേരളത്തിൽ എവിടെയാണ് ഇങ്ങനെ ഒരു സംഭവം എന്ന് ആക്രോശങ്ങളായി, നാടു നീളെ DYFI യുടെ ബീഫ് ഫെസ്റ്റ് ആയി, ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടുന്നത് അവിടം മുതലാണ്. ആരും ശ്രദ്ധിക്കാതെ പോയ ആദ്യ രണ്ട് ശ്രമങ്ങൾക്കിപ്പുറം നിർമാതാക്കൾക്ക് തങ്ങളുടെ ചിത്രം ഫെബ്രുവരി 27 ന് ഇറങ്ങാനിരിക്കെ വലിയ ശ്രദ്ധ നേടേണ്ടത് ആവശ്യമായിരുന്നു. അത് കൃത്യമായി സഖാക്കൾ നടത്തി കൊടുത്തു. വിപുൽ ഷാ നിർമിച്ച ആദ്യ ഭാഗം 15 കോടിയോളം ചെലവാക്കിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. എന്നാൽ ബോക്സോഫീസിൽ 300 കോടിയിലധികമാണ് ചിത്രം നേടിയത്. എന്ത് വിമർശനങ്ങൾ ഉന്നയിച്ചാലും ഒരു കലാസൃഷ്‌ടി എന്ന നിലയിലും വാണിജ്യ ഉത്പന്നം എന്ന നിലയിലും കേരള സ്റ്റോറി വൻ വിജയമാണ് നേടിയത്. അതിന് അവരെ സഹായിച്ചത് പക്ഷേ ആ സിനിമ ആർക്ക് വേണ്ടിയാണോ പ്രോപഗാൻഡ ലക്ഷ്യമിട്ടത് അവരെക്കൊണ്ടായിരുന്നില്ല. മറിച്ച് എതിർക്കുന്നവരാണ് ആ സിനിമയുടെ പ്രചാരണം ഏറ്റെടുത്തത്.
ഇപ്പോൾ അതിന്റെ രണ്ടാം ഭാഗത്തിനും സമാന സാഹചര്യമാണ് ഉരുത്തിരിയുന്നത്. ഇപ്പോൾ വിമർശനം ഇത് കേരളത്തിൽ നടക്കുന്നതല്ല എന്ന് പറഞ്ഞാണ്. നിർമാതാക്കാളും പറയുന്നത് ഇത് കേരളത്തിലെ കഥ അല്ല എന്ന് തന്നെയാണ്. അത് സിനിമയുടെ പേരിൽ തന്നെ വ്യക്തവുമാണ്. കേരള സ്റ്റോറി, കേരളത്തിനു പുറത്തേക്ക് വ്യാപിക്കുന്നു എന്നതാണ് സിനിമയുടെ പേര് തന്നെ. അതിൽ നിന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാവുന്നത് കേരളത്തിൽ നടന്ന കഥകൾ കേരളത്തിനു പുറത്തും നടക്കുന്നുവെന്നും അതാണ് സിനിമയുടെ ഇതിവൃത്തമെന്നുമാണ്. അപ്പോൾ പിന്നെ അതിൽ കേരളത്തിലെ കഥ എവിടെ എന്ന് ചോദിച്ച് നടക്കുന്നതിൽ എന്ത് കാര്യമാണ്. കേരളവുമായി ബന്ധമില്ലാത്ത കഥക്ക് കേരള സ്റ്റോറി എന്ന് പേരിട്ടത് ശരിയായില്ല എന്ന് പറയാം. പക്ഷേ അതിന് നിർമാതാക്കൾക്ക് അവരുടേതായ വിശദീകരണവും ഉണ്ടാവും. ഓരോ സിനിമയുടേയും രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഒക്കെ ഇറങ്ങുമ്പോൾ ആ പേരിന്റെ ഒരു ഭാഗം അതിനൊപ്പം ഉണ്ടാവുന്നത് സ്വാഭാവികമാണെന്നതു കൂടി ഓർക്കേണ്ടതാണ്.
സിനിമ പുറത്തിറങ്ങുന്നതിനു മുമ്പായി അണിയറപ്രവർത്തകർ നടത്തിയ പത്ര സമ്മേളനത്തിൽ വോട്ട് ചോരി പത്ര സമ്മേളനത്തിൽ രാഹുൽ ഗാന്ധി അണി നിരത്തിയപോലെ മുപ്പത്തഞ്ചിലധികം ലവ് ജിഹാദ് ഇരകളെ വേദിയിലെത്തിച്ചിരുന്നു. അവരിൽ എല്ലാവരും തന്നെ കേരളത്തിനു പുറത്തു നിന്നുള്ള വരായിരുന്നു. അതോടെ കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ ക്ഷുഭിതരാവുകയും ഇതിൽ കേരളത്തിലെ ആരും ഇല്ലല്ലോ എന്ന് വാദിക്കുകയും ചെയ്തു. അതോടെ സിനിമയുടെ അണിയറക്കാർ അതിന് ഇത് കേരളത്തിലെ കഥയാണെന്ന് എവിടെയാണ് പറയുന്നത്. കേരളത്തിൽ നടന്ന കഥ ഒന്നാം ഭാഗത്തിൽ പറഞ്ഞു കഴിഞ്ഞു. അതിന്റെ തെളിവുകളും ഇരകളുടെയും കുടുംബാഗങ്ങളുടേയും അഭിമുഖങ്ങളും അഭിപ്രായങ്ങളും യുട്യൂബിൽ പരിശോധിച്ചാൽ കിട്ടുമെന്നും ഇത് കേരളത്തിനു പുറത്ത് നടന്ന കഥയാണെന്നും അവർ വ്യക്തമാക്കി. അതാണ് സിനിമയുടെ പേരിൽ കേരള സ്റ്റോറി ഗോസ് ബിയോണ്ട് എന്ന് ടാഗ് ലൈൻ ഉള്ളതെന്നും അവർ വ്യക്തമാക്കി.
പക്ഷേ മാധ്യമപ്രവർത്തകർ കേരള എന്ന വാക്ക് കേരളത്തെക്കുറിച്ചുള്ള കഥയല്ലെങ്കിൽ എന്തിന് ഉപയോഗിച്ചു എന്ന വാദത്തിൽ തന്നെ തുടർന്നു. പക്ഷേ നിർമാതാക്കൾ അവരുടെ വാദവും പറഞ്ഞു. കേരളത്തിലെ കഥ ആദ്യ ഭാഗത്ത് പറഞ്ഞിരുന്നു, അതേ കഥകൾ ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ നടക്കുന്നതാണ് സിനിമ. സിനിമയുടെ പേരും ട്രെയിലറും അത് വ്യക്തമാക്കുന്നുമുണ്ട്. പക്ഷേ ഇരു കൂട്ടരും തമ്മിൽ തർക്കിച്ചു നിന്നതല്ലാതെ ആരും തന്നെ പിന്മാറാൻ തയ്യാറായിരുന്നില്ല. യഥാർത്ഥത്തിൽ ഇങ്ങനെ തർക്കിക്കുന്നതിലൂടെ ആ സിനിമയുടെ പ്രചാരണമാണ് നടക്കുന്നതെന്ന് അറിയാത്തരല്ല ഇവരൊന്നും. പക്ഷേ ചില ഈഗോകൾ അങ്ങനെയാണ്. ഈ ഒരു സിനിമ കൊണ്ട് കേരളത്തിന്റെ ആഭിമാന ബോധം ഇടിഞ്ഞു വീഴുമെന്ന് ഇവർ ഭയക്കുന്നുണ്ടോ. അങ്ങനെയെങ്കിൽ ആദ്യ ഭാഗത്തിൽ തന്നെ അത് സംഭവിക്കണമായിരുന്നല്ലോ.
എന്തായാലും ആദ്യം പറഞ്ഞ പോലെ കേരളം എന്നത് ഒരു പോളണ്ട് ആയി മാറുന്ന സാഹചര്യമാണ് ഇവിടെയും കാണുന്നത്. കേരളം എന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ എന്ന് എഴുതിയ വള്ളത്തോൾ പോലും ഇത്ര ചോരത്തിളപ്പ് പ്രതീക്ഷിച്ചു കാണില്ല. യഥാർത്ഥത്തിൽ ഈ ചോരത്തിളപ്പ് ഒരു പ്രാദേശിക വാദത്തിന്റെ തുടക്കം കൂടിയാവുകയാണ്. തമിഴരും മറാത്തികളും ആണ് ഇത്തരം പ്രദേശിക അഭിമാന ബോധങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ മുൻപന്തിയിൽ നിന്നിരുന്നത്. എന്നാൽ ഇപ്പോൾ നമ്പർ വൺ എന്ന പേരിൽ നമ്മളും അതിലും ഒട്ടും കുറവല്ലാതെ ആ രംഗത്തേക്ക് വന്നിട്ടുണ്ട്.
എന്തായാലും സിനിമയുടെ പേര് മുഴുവനായി വായിക്കാതെയോ അതിന്റെ അർത്ഥം മനസിലാക്കാതെയോ ആണ് ഒരു കാര്യവുമില്ലാതെ ഈ സിനിമയേയും ഹിറ്റാക്കാൻ ഇവിടത്തെ പുരോഗമനവാദികൾ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്. ഹോട്ട് ഡോഗിനെ പുഴുങ്ങിയ പട്ടിയായും കീരവാണ് ഓസ്കാർ വേദിയിൽ പോപ് ഗായകരായ കാർപൻ്റേഴ്സ് എന്ന ബാന്റിന്റെ പാട്ടുകൾ കേട്ടാണ് വളർന്നതെന്ന് പറഞ്ഞതിനെ ആശാരിമാരുടെ ചുറ്റികയുടെ തട്ടും മുട്ടും കേട്ടാണ് വളർന്നതെന്നും തർജമ ചെയ്യുന്ന ആളുകളല്ലേ. എന്തായാലും വലിയ ശല്യമൊന്നും ഇല്ലാതെ പോകുമായിരുന്ന ഒരു ദുരന്തം തലയിലെടുത്ത് വച്ച് വളർത്തി വലുതാക്കിയിട്ടുണ്ട് നമ്മുടെ കപട സൂപീരിയോറിറ്റി ഈഗോ എന്ന് മാത്രം പറയാം.
















































