ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന സൂചന നൽകി മുൻ അണ്ണാ ഡിഎംകെ നേതാവും ജെ. ജയലളിതയുടെ വിശ്വസ്തയുമായിരുന്ന വി.കെ. ശശികല രംഗത്ത്. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന പ്രഖ്യാപനം ശശികല നടത്തിയത്. ‘നല്ല വാർത്ത ഉടൻ വരും’ എന്ന് ശശികല, തൻ്റെ രാഷ്ട്രീയ തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്.
കമുതിയിൽ നടന്ന ചടങ്ങിൽ അണ്ണാ ദുരൈ, എം.ജി.ആർ, ജയലളിത എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത പുതിയ പാർട്ടിയുടെ കൊടി ശശികലയെ പരിചയപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ഒൻപത് വർഷമായി താൻ പുലർത്തിയിരുന്ന മൗനം ഇനി മതിയാക്കുമെന്നും രാഷ്ട്രീയത്തിലേക്ക് മടങ്ങുമെന്നും അവർ അനുയായികളോട് വ്യക്തമാക്കി. പാർട്ടിയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയ പ്രവേശനത്തിൻ്റെ വ്യക്തമായ സൂചനയാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്നാണ് ശശികലയെ അണ്ണാ ഡിഎംകെയിൽ നിന്ന് പുറത്താക്കിയത്. മുമ്പ് പാർട്ടിയുടെ ആക്ടിംഗ് ജനറൽ സെക്രട്ടറിയായി അവർ പ്രവർത്തിച്ചിരുന്നു. തന്നെ തഴഞ്ഞ എടപ്പാടി പളനിസ്വാമിക്കെതിരെ രൂക്ഷമായ വിമർശനമാണ് ശശികല ഉയർത്തുന്നത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ സഖ്യവും, ബിജെപി-അണ്ണാ ഡിഎംകെ സഖ്യവും തമ്മിലുള്ള പ്രധാന പോരാട്ടത്തിനാണ് ഇത്തവണ തമിഴ്നാട് സാക്ഷ്യം വഹിക്കുന്നത്. ഇതിന് പുറമെ സൂപ്പർ താരം വിജയ് തൻ്റെ പാർട്ടിയായ തമിഴക വെട്രി കഴകവുമായി രംഗത്തുള്ളത് തമിഴ്നാട്ടിൽ ത്രികോണ പോരാട്ടത്തിനാണ് കളമൊരുക്കിയത്. ഇതിനിടയിലേക്കാണ് ശശികലയുടെ പുതിയ പാർട്ടിയുടെ കടന്നുവരവ്. അണ്ണാ ഡിഎംകെയുടെ വോട്ടുകൾ ചോരാൻ ശശികലയ്ക്ക് കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
















































