അഹമ്മദാബാദ്: ടി20 ലോകകപ്പ് 2026-ലെ നിർണായകമായ സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ വമ്പൻ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയുടെ സെമി ഫൈനൽ പ്രതീക്ഷകൾക്ക് വൻ തിരിച്ചടിയായിരിക്കുന്നു. ഗ്രൂപ്പ് മത്സരങ്ങളിൽ ചെറു ടീമുകളോട് വിജയിച്ച ആത്മ വിശ്വാസത്തിൽ അതേ ടീമുമായി കളിക്കിറങ്ങിയ ഇന്ത്യയ്ക്ക് കിട്ടിയ ആദ്യ അടിയായിരുന്നു ദക്ഷിണാഫ്രിക്കയോടുള്ള തോൽവി. ഒരു ഘട്ടങ്ങളിലും തോൽവിയറിയാതെ സൂപ്പർ എട്ടിലെത്തിയ ദക്ഷിണാഫ്രിക്കയെ അളക്കുന്നതിൽ ഇന്ത്യൻ ക്യാപ്റ്റനും ടീം മാനേജ്മെന്റിനും തെറ്റി.
ഇന്നലെ അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തപ്പോള്ഡ മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂര്യകുമാർ യാദവും സംഘവും ഒരു ഘട്ടത്തിലും വിജയത്തിന്റെ പടിവാതിൽക്കൽ പോലുമെത്തിയില്ല. മാർക്കോ യാൻസന്റെ തീതുപ്പുന്ന പന്തുകൾക്ക് മുന്നിൽ ഇന്ത്യൻ ബാറ്റിംഗ് നിര അടപടലംതകരുകയായിരുന്നു. വെറും 111 റൺസിന് ഇന്ത്യ കൂടാരം കയറിയപ്പോൾ യാൻസൻ നാല് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ പതനം പൂർത്തിയാക്കി. ഇതോടെ ഗ്രൂപ്പിലെ നെറ്റ് റൺറേറ്റിലും (NRR) ഇന്ത്യ പിന്നിലായി. ഇനി സെമി ഫൈനൽ സാധ്യതകൾ സജീവമായി നിലനിർത്താൻ വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ്, സിംബാബ്വെ മത്സരങ്ങൾ ഇന്ത്യയ്ക്ക് നിർണായകമാണ്.
ഇന്ത്യയ്ക്കു മുന്നിലുള്ള സാധ്യതകൾ ഇങ്ങനെ
ഇന്ത്യയ്ക്ക് മുന്നിലുള്ള ആദ്യ വഴി ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയിക്കുക എന്നതാണ്. അതും വൻ മാർജിനിൽ. സിംബാബ്വെയ്ക്കും വെസ്റ്റ് ഇൻഡീസിനുമെതിരായ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് നാല് പോയിന്റുകൾ ലഭിക്കും. എന്നാൽ മറ്റു ടീമുകളുടെ പ്രകടനവും ഇന്ത്യയുടെ വിധി നിർണയിച്ചേക്കാം. ദക്ഷിണാഫ്രിക്ക തങ്ങളുടെ ശേഷിക്കുന്ന മത്സരങ്ങളിൽ ഒരെണ്ണം തോൽക്കുകയും, വിൻഡീസ്- സിംബാബ്വെ മത്സരത്തിലെ വിജയി ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയും ചെയ്താൽ മൂന്ന് ടീമുകൾക്ക് 4 പോയിന്റ് വീതമാകും. അത്തരമൊരു സാഹചര്യത്തിൽ നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാകും സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക.
ഇനി ഇന്ത്യ ഒരു മത്സരത്തിൽ മാത്രം വിജയിച്ചാലോ സെമി പ്രവേശം തികച്ചും സങ്കീർണ്ണമാകും. ഈ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്ക തങ്ങളുടെ എല്ലാ മത്സരങ്ങളും ജയിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമായി വരും. കൂടാതെ വെസ്റ്റ് ഇൻഡീസ്- സിംബാബ്വെ മത്സരത്തിൽ വിജയിക്കുന്ന ടീമിനെ തന്നെ ഇന്ത്യ പരാജയപ്പെടുത്തുകയും വേണം. ഇങ്ങനെ സംഭവിച്ചാൽ ഇന്ത്യ, സിംബാബ്വെ, വെസ്റ്റ് ഇൻഡീസ് ടീമുകൾക്ക് രണ്ട് പോയിന്റ് വീതമാകും. അവിടെയും നെറ്റ് റൺറേറ്റ് തന്നെയാകും നിർണ്ണായക ഘടകം.
അതേസമയം ടൂർണമെന്റിലെ വരാനിരിക്കുന്ന മത്സരക്രമം ആരാധകർക്ക് ഏറെ ആകാംക്ഷ നൽകുന്നതാണ്. ഇന്ന് മുംബൈയിൽ വെസ്റ്റ് ഇൻഡീസും സിംബാബ്വെയും ഏറ്റുമുട്ടും. ഫെബ്രുവരി 26-ന് ഇന്ത്യ ചെന്നൈയിൽ വെച്ച് സിംബാബ്വെയെ നേരിടുമ്പോൾ അതേ ദിവസം തന്നെ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ മാർച്ച് 1-നാണ് നടക്കുന്നത്. കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന പോരാട്ടമാകും ഇന്ത്യയുടെ സെമി സാധ്യതകളിൽ നിൽക്കണോ, പോണോയെന്ന കാര്യത്തിൽ തീരുമാനമാക്കുക.
















































