അഹമ്മദാബാദ്: ഇന്നലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്ക്കതിരെ ഇന്ത്യ നേരിട്ടത് (റൺസ് അടിസ്ഥാനത്തിൽ) ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി.188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.5 ഓവറിൽ 111 റൺസെടുത്തു എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ 76 റൺസിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. 37 പന്തിൽ 42 റൺസടിച്ച ശിവം ദുബെ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ബാക്കി സ്കോറുകൾ ഇങ്ങനെ- നാല് ഡക്ക്, രണ്ട്- 1, ബാക്കി 11,15, 18…
അതേസമയം മുൻ താരങ്ങൾ പ്രവചിച്ച പോലെ തന്നെയായിരുന്നു ദക്ഷിണാഫ്രിക്ക ഇന്ത്യൻ നിരയെ നേരിട്ടത്. ഇന്ത്യൻ ടോപ് ഓർഡറിനെ ലക്ഷ്യമിട്ട് സ്പിന്നർ എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ ഓവർ എറിഞ്ഞത്. മാർക്രം ഒരുക്കിയ കുരുക്കിൽ നാലാം പന്തിൽ റൺസൊന്നുമെടുക്കാതെ ഇഷാൻ കിഷൻ വീണു. ഒരു റൺസെടുത്ത് തിലക് വർമയും വന്നപോലെ മടങ്ങി. ലോകകപ്പിലെ ആദ്യ റൺ സ്കോർ ചെയ്യാനായെങ്കിലും പതിവു വമ്പനടി അഭിഷേകിനു സാധിച്ചില്ല. ഒരു സിക്സും രണ്ട് ഫോറുകളും ബൗണ്ടറി കടത്തിയെങ്കിലും മാർകോ യാൻസന്റെ പന്തിൽ കോർബിൻ ബോഷ് ക്യാച്ചെടുത്ത് പുറത്താക്കി.
ഇതോടെ ആദ്യ ആറോവറുകളിൽ 31 റൺസാണ് ഇന്ത്യ നേടിയത്. വാഷിങ്ടൻ സുന്ദറും (11), സൂര്യകുമാർ യാദവും (18) പ്രതിരോധിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും കോർബിൻ ബോഷിന്റെ പന്തുകളിൽ ഇരുവരും വീണു. ഇതോടെ അഞ്ചിന് 51 റൺസെന്ന നിലയിലായി ഇന്ത്യ.
പിന്നീടെത്തിയത് ഇന്ത്യൻ വംശജനായ സ്പിന്നർ കേശവ് മഹാരാജായിരുന്നു. മഹാരാജിന്റെ 15–ാം ഓവറിലെ ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യയും മൂന്നാം പന്തിൽ റിങ്കു സിങ്ങും (പൂജ്യം), ആറാം പന്തിൽ അർഷ്ദീപ് സിങ്ങും മടങ്ങി. ഇതോടെ എട്ടു വിക്കറ്റ് നഷ്ടത്തിൽ 88 റൺസെന്ന ദയനീയാവസ്ഥയിലേക്ക് ഇന്ത്യ വീണു. തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തിയ ശിവം ദുബെയാണ് സ്കോർ 100 കടത്തിയത്. പക്ഷെ മാർകോ യാൻസൻ എറിഞ്ഞ 19–ാം ഓവറിൽ ബൗണ്ടറിക്കു ശ്രമിച്ച ദുബെയെ ലുങ്കി എൻഗിഡി പിടിച്ചെടുത്തു
അതേസമയം ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചുറിയടക്കമടിച്ച് ബാറ്റിങ് ശരാശരിയുള്ള സഞ്ജുവിനെ കളത്തിനു വെളിയിലിരുത്തുകയായിരുന്നു ഇന്ത്യൻ നായകനും ടീം മാനേജ്മെന്റും. കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തിൽ സഞ്ജുവിനെ ഇറക്കുമോയെന്ന ചോദ്യത്തിന് ക്യാപ്റ്റന്റെ മറുപടി പരിഹാസമായിരുന്നു- ‘‘അഭിഷേക് ശർമയുടെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടുന്നവരെക്കുറിച്ചാണ് എന്റെ ആശങ്ക. അവൻ കളിക്കുമ്പോൾ എതിർ ടീമുകളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു. അവൻ കളിച്ചാൽ എന്താണു സംഭവിക്കുന്നതെന്ന് നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ട്. ഇതൊരു ടീം സ്‌പോർട്‌സാണ്, അതിനാൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നു. അവൻ സ്വന്തം ശൈലിയിൽ തന്നെ കളിക്കണം എന്നാണ് ടീം ആവശ്യപ്പെടുന്നത്, അതിനാൽ അതാണ് അവൻ ചെയ്യാൻ ശ്രമിക്കുന്നത്. അതു സംഭവിച്ചാൽ, നല്ലത്, ഇല്ലെങ്കിൽ, അതു കവർ ചെയ്യാൻ ഞങ്ങൾ എല്ലാവരും ഉണ്ട്. കഴിഞ്ഞ വർഷം അവൻ ഞങ്ങൾക്കു വേണ്ടി കവർ ചെയ്തു, ഇപ്പോൾ ഇതു ഞങ്ങളുടെ ഊഴമാണ്.’’– സൂര്യകുമാർ യാദവ് പറഞ്ഞു.
അതുപോലെ ട്വന്റി20യിൽ ശരാശരി 141 സ്ട്രൈക്ക് റേറ്റുള്ള തിലക് വർമ, ടൂർണമെന്റിൽ 120 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റു ചെയ്യുന്നത്. ഇതിനെയും സൂര്യകുമാർ യാദവ് ന്യായീകരിച്ചിരു്നു. ടീം മാനേജ്മെന്റിന്റെ നിർദേശപ്രകാരമാണ് താരം അങ്ങനെ കളിക്കുന്നതെന്ന് സൂര്യകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ‘‘ഞാനും ടീം മാനേജ്‌മെന്റ് അവനോട് ആ രീതിയിൽ ബാറ്റ് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. ഒരു വിക്കറ്റ് നഷ്ടപ്പെട്ടാൽ, തീർച്ചയായും അവന് സ്വന്തം ശൈലിയിൽ പവർപ്ലേയിൽ ബാറ്റു ചെയ്യാം. എന്നാൽ രണ്ട് വിക്കറ്റുകൾ വീണാലുടൻ, അദ്ദേഹം അൽപം ശ്രദ്ധേയോടെ നങ്കൂരമിടണം. ഒരു കൂട്ടുകെട്ടുണ്ടാക്കി പത്താം ഓവറിലേക്ക് ഇന്നിങ്സിനെ എത്തിക്കണം. ബാറ്റിങ്ങിന് അടിസ്ഥാനമിടുകയാണ് അവൻ വേണ്ടത്.’’– സൂര്യകുമാർ പറഞ്ഞു. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു റൺസായിരുന്നു താരത്തിന്റെ സംഭാവന.












































