തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമായതിന് പിന്നിൽ തന്‍റെ ഇടപെടലാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകിയാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്നാണ് താൻ പറഞ്ഞതെന്ന് സുരേഷ് ഗോപി പറഞ്ഞു. വിഴിഞ്ഞം എങ്ങനെ യഥാര്‍ത്ഥ്യമായെന്ന് മോദി പുസ്തകം എഴുതിയാൽ അതിൽ പ്രധാനപ്പെട്ട ഒരാള്‍ താനായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്ര ബജറ്റിനെ പറ്റി നുണകൾ എഴുതി മാധ്യമങ്ങൾ ചർച്ച വഴി തിരിച്ചുവിട്ടു. ഇവരോട് എനിക്ക് പറയാനുള്ളത് ഇരുപതാം നൂറ്റാണ്ട് സിനിമയിൽ മോഹൻലാൽ എന്നോട് പറഞ്ഞതാണ്. എനിക്ക് വഴങ്ങുന്ന കുറച്ച് ആളുകളുണ്ട് കേരളത്തിൽ. അവർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് 2014 ൽ പ്രധാനമന്ത്രിയെ കണ്ടത്. വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകിയാൽ ജീവിതക്കാലം മുഴുവൻ അടിമയായിരിക്കുമെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. 2014ൽ ഞാൻ എന്‍റെ നേതാവിനെ ആദ്യമായി ഗുജറാത്തിൽ വെച്ച് കണ്ടപ്പോൾ മുന്നോട്ടു വെച്ച പ്രധാന ഡിമാൻഡ് വിഴിഞ്ഞമായിരുന്നു. മോദിയെ കണ്ടതിന് ചില മാധ്യമങ്ങൾ എന്നെ വർഗീയവാദിയാക്കി ചിത്രീകരിച്ചു. വിഴിഞ്ഞം എങ്ങനെ യഥാര്‍ത്ഥ്യമായെന്ന് മോദി പുസ്തകം എഴുതിയാൽ അതിൽ പ്രധാനപ്പെട്ട ഒരാൾ ഞാൻ ആയിരിക്കും.- സുരേഷ് ഗോപി പറഞ്ഞു.
ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ആകാനാണ് തന്‍റെ വലിയ ആഗ്രഹമെന്ന് സുരേഷ് ഗോപി ആവര്‍ത്തിച്ചു. ഇന്നലെ അത്തരത്തിലുള്ള ആഗ്രഹം സുരേഷ് ഗോപി തുറന്നുപറഞ്ഞിരുന്നു. പറഞ്ഞതിനെ പുച്ഛമായി കാണരുതെന്നും മതപരമായി പോലും തന്നെ മാധ്യമങ്ങള്‍ ആക്രമിക്കുകയാണെന്നും താൻ ഹിന്ദുവായത് കൊണ്ട് ആരും അത് ചോദിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.















































