കാണ്ഡഹാർ: ഗാർഹിക പീഡനം നിയമവിധേയമാക്കി താലിബാൻ. ഭർത്താക്കന്മാർക്ക് ഭാര്യയെ ഉപദ്രവിക്കാം, എന്നാൽ എല്ലൊടിയുകയോ, ശരീരത്തിൽ പ്രത്യേക്ഷത്തിൽ മുറിവുകൾ കാണപ്പെടുകയോ ചെയ്യരുതെന്ന് നിയമത്തിൽ പറയുന്നു. ഇവരുടെ കുട്ടികളെയും ഇത്തരത്തിൽ ശിക്ഷിക്കാം. താലിബാൻ്റെ പ്രധാന നേതാവായ ഹിബത്തുള്ള അഖുൻസാദയാണ് പുതിയ പീനൽ കോഡിന് അംഗീകാരം നൽകിയത്. അതുപോലെ ശിക്ഷാവിധികളിലും കുറ്റവാളിക്ക് സമൂഹത്തിലുള്ള പ്രതിച്ഛായ അനുസരിച്ച് മാറ്റമുണ്ട്.
സ്ത്രീയെ മാരകമായി ഉപദ്രവിച്ച് പരുക്കേൽപ്പിച്ചാൽ, അതും പ്രത്യക്ഷമായി കാണുന്ന രീതിയിലുള്ള മുറിവാണെങ്കിൽ അയാൾക്ക് 15 ദിവസം മാത്രം ജയിൽവാസം അനുഭവിച്ചാൽ മതി. എന്നാൽ പരാതിക്കാരി കോടതിയിൽ താൻ നേരിട്ട അതിക്രമം വിജയകരമായി തെളിയിച്ചാൽ മാത്രമേ പ്രതിക്ക് ശിക്ഷ ലഭിക്കുകയുള്ളു. ശരീരം മുഴുവനായി മറച്ച് ജഡ്ജിക്ക് മുമ്പാകെ ഇരയ്ക്ക് മുറിവുകൾ കാണിക്കാം. കോടതിയിൽ സ്ത്രീകൾക്ക് ഒപ്പം ഭർത്താവ് അല്ലെങ്കിൽ അകമ്പടിയായി കുടുംബത്തിലെ മറ്റൊരു പുരുഷൻ നിർബന്ധമായും ഉണ്ടാകണം.
എന്നാൽ ഭർത്താവിന്റെ അനുവാദമില്ലാതെ സ്ത്രീകൾ ബന്ധുക്കളെ സന്ദർശിച്ചാൽ മൂന്നു മാസം വരെ ജയിലഴിക്കുള്ളിലാകും. പീനൽ കോഡിലെ ആർട്ടിക്കിൾ 9ൽ അഫ്ഗാൻ സമൂഹത്തെ നാല് തരത്തിലാണ് വിഭജിച്ചിരിക്കുന്നത്. മതപണ്ഡിതന്മാർ, വരേണ്യ വിഭാഗം, മധ്യവർഗം, താഴ്ന്ന വിഭാഗം എന്നിങ്ങനെയാണത്. ഇതനുസരിച്ച് ശിക്ഷയിൽ മാറ്റം വരും.
ഇനി മതപണ്ഡിതനാണ് കുറ്റവാളിയെങ്കിൽ അയാളെ ഉപദേശം നൽകി വിട്ടയയ്ക്കും. ഇനി വരേണ്യവിഭാഗമാണെങ്കിൽ അവരെ കോടതിയിൽ വിളിച്ചുവരുത്തി ഉപദേശിക്കും. മധ്യവർഗത്തിൽപ്പെട്ട ആൾക്ക് ജയിൽ ശിക്ഷ ലഭിക്കും. ഏറ്റവും ഒടുവിലത്തെ വിഭാഗത്തിൽപ്പെട്ടവർക്ക് ജയിൽവാസത്തിനൊപ്പം ചാട്ടവാറടിയും ലഭിക്കും. ശാരീരികമായുള്ള ശിക്ഷ നടപ്പാക്കുന്നത് ഇസ്‌ലാമിക പണ്ഡിതന്മാരായിരിക്കുമെന്നും നിയമത്തിൽ പറയുന്നു.
90 പേജുകളുള്ള പുതിയ പീനൽ കോഡ് നിലവിൽ വന്നതോടെ പഴയ സ്ത്രീ സംരക്ഷണാ നിയമം അസാധുവായി. പുതിയ നിയമത്തെ കുറിച്ച് ചർച്ചകൾ നടത്തുന്നത് പോലും ശിക്ഷാർഹമെന്നാണ് താലിബാന്റെ മുന്നറിയിപ്പ്. അതിനാൽ ആരും ഇതിനെതിരെ പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ല. അതേസമയം മനുഷ്യാവകാശ സംഘടനകൾ യുഎന്നിനോടും മറ്റ് അന്താരാഷ്ട്ര സംഘടനകളോടും ഈ നിയമം നടപ്പിലാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.















































