അഹമ്മദാബാദ്: സൂപ്പർ എട്ടിലെ മരണ ഗ്രൂപ്പിലേക്ക് കടക്കുമ്പോൾ ഇന്ത്യയ്ക്ക് ഈ ശൗര്യം മതിയോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ബാറ്റിങ്ങിൽ തുടരെത്തുടരെ അഭിഷേക് ഡക്കേൽ പുറത്താകുന്നതും, ഫീൽഡിങ്ങിലുള്ള പിഴവും ഇന്ത്യയ്ക്ക് മൈനസായി വരുമെന്ന് ഉറപ്പ്. ഇന്നലെ നെതർലാൻഡിനെതിരായ മത്സരത്തിലെ അവസാന ഓവറിൽ അടിപ്പിച്ചുള്ള രണ്ട് ക്യാച്ചാണ് സൂര്യയും തിലകും കൈവിട്ടത്. കഴിഞ്ഞ പാക്കിസ്ഥാനെതിരായ മത്സരത്തിലുണ്ടായ പിഴവിന്റെ ആവർത്തനം. അന്ന് തിലകും കുൽദീപും ഇഷാനുമാണെന്നു മാത്രം വ്യത്യാസം.
ഇന്നലെ നെതർലാൻഡിന്റെ അവസാന ഓവറിലെ രണ്ടാം ബോൾ സാക്ക് ലയൺ ഉയർത്തിടിച്ച ബോൾ ലക്ഷ്യമാക്കി റിങ്കു സിംഗ് നീങ്ങുന്നതിനിടെ ഇത് ഞാനെടുത്തോളാമെന്ന് സൂര്യ കൈകൊണ്ടു കാണിക്കുന്നത് ദൃശ്യങ്ങിൽ കാണാം. ഈ സമയം റിങ്കു ബോളിനടുത്തിക്കഴിഞ്ഞു. പെട്ടെന്ന് റിങ്കുവിനെ തട്ടിയിട്ട് നായകന്റെ കടന്നുവരവ്… ബോൾ നേരെ ഗ്രൗണ്ടിലേക്ക്… എതിരാളികൾക്ക് റണ്ട് റൺസ്. മൂന്നാം ബോളിലും ഇതേ അവസ്ഥ ദുബെ എറിഞ്ഞ മൂന്നാം ബോൾ സാക്ക് ഉയർത്തിയടിക്കുന്നു… ബോൾ കൈപ്പിടിയിലൊതുങ്ങിയെന്ന് കരുതിയെങ്കിലും ദേ പോകുന്നു താഴേക്ക്, ഇത്തവണ പിഴച്ചത് തിലകിന്… എന്നാൽ നാലാം ബോളിൽ പക്ഷെ പിടിവീണു… ഉയർത്തിയടിച്ച ബോൾ സുന്ദരമായി സുന്ദറിന്റെ കൈക്കുള്ളിൽ… ദുബെയ്ക്ക് രണ്ടാം വിക്കറ്റ്.
അതേസമയം അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ നെതർലൻഡിനെ 17 തോൽപ്പിച്ചാണ് സൂപ്പർ എട്ടിലെത്തിയത്. ഇന്ത്യ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ നെതർലാൻഡ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് മാത്രമേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
അർധസെഞ്ചുറിയും രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയ ശിവം ദുബെയാണു കളിയിലെ താരം.ഇതോടെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് എട്ടു പോയിന്റായി. 22ന് സൂപ്പർ എട്ട് റൗണ്ടിൽ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ.
ബാസ് ഡെ ലീഡ് (23 പന്തിൽ 33), മിച്ചൽ ലെവിറ്റ് (23 പന്തിൽ 24), കോളിൻ അക്കർമാൻ (15 പന്തിൽ 23), മാക്സ് ഒഡൂഡ് (18 പന്തിൽ 20) എന്നീ ഓപ്പണിങ് വിക്കറ്റിൽ 35 റൺസാണ് നെതർലൻഡ്സ് അടിച്ചെടുത്തത്. പിന്നാലെ വരുൺ ചക്രവർത്തി ആദ്യവിക്കറ്റ് വീഴ്ത്തി ആ കുതിപ്പിന് തടയിട്ടു. 94 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ വീണത് ഓറഞ്ച് പടയെ പ്രതിരോധത്തിലാക്കി.
മൂന്നു മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തിയാണ് നെതർലൻഡ്സിന്റെ പ്രതീക്ഷകൾ തച്ചുടച്ചത്. അവസാന 12 ഓവറിൽ 46 റൺസായിരുന്നു നെതർലൻഡ്സിനു ജയിക്കാൻ വേണ്ടിയിരുന്നത്. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്ത് നെതർലൻഡ്സ് ബാറ്റിങ് അവസാനിപ്പിച്ചു. ലോവർ ഓർഡറിൽ സാക് ലിയോൺ (16 പന്തിൽ 26), നോവാ ക്രോസ് (12 പന്തിൽ 25) എന്നിവരും പൊരുതിനിന്നു. നാലിൽ മൂന്നും തോറ്റ നെതർലൻഡ് നേരത്തേതന്നെ പുറത്തായിരുന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ ശിവം ദുബെയാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 31 പന്തുകൾ നേരിട്ട ശിവം ദുബെ 66 റൺസെടുത്ത് പുറത്തായി. ആറു സിക്സുകളും നാല് ഫോറുകളുമടങ്ങുന്നതാണ് ദുബെയുടെ ഇന്നിങ്സ്.
സൂര്യകുമാർ യാദവ് (28 പന്തിൽ 34), തിലക് വർമ (27 പന്തിൽ 31), ഹാർദിക് പാണ്ഡ്യ (21 പന്തിൽ 30), ഇഷാൻ കിഷൻ (ഏഴു പന്തിൽ 18) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. നേരിട്ട മൂന്നാം പന്തിൽ റണ്ണൊന്നുമെടുക്കാതെയാണ് അഭിഷേക് മടങ്ങിയത്. ആര്യൻ ദത്തിന്റെ പന്തിൽ അഭിഷേകിന്റെ ലെഗ് സ്റ്റംപ് തെറിക്കുകയായിരുന്നു. ഒരു സിക്സും രണ്ടു ഫോറുകളും അടിച്ചു തുടങ്ങിയ ഇഷാൻ ആര്യൻ ദത്തിന്റെ അഞ്ചാം ഓവറിലെ രണ്ടാം പന്തിൽ ബോൾഡായി. ആദ്യ ആറോവറിൽ 51 റൺസാണ് ഇന്ത്യ നേടിയത്. പിന്നാലെ തിലക് വർമയെ ലോഗൻ വാൻ ബീക്ക് പുറത്താക്കി. പിന്നീട് ശിവം ദുബെയും ഹാർദിക് പാണ്ഡ്യയും തകർത്തടിച്ചുതുടങ്ങിയതോടെ ഇന്ത്യൻ സ്കോർ ബോർഡ് വേഗത്തിൽ ചലിച്ചു തുടങ്ങി. ദുബെ പുറത്തായതിനു പിന്നാലെ അവസാന പന്ത് സിക്സടിക്കാൻ ശ്രമിക്കുന്നതിനിടെ വാൻ ഡർ മെർവിന്റെ ക്യാച്ചിൽ പാണ്ഡ്യയും പുറത്തായി. നെതർലൻഡ്സിനായി ലോഗൻ വാൻ ബീക്ക് മൂന്നും ആര്യൻ ദത്ത് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.















































