ന്യൂഡൽഹി: പാര്‍ലമെന്‍റിൽ ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയില്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയർത്തി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വ്യവസായ വളര്‍ച്ച കീഴോട്ടുള്ള കേരളത്തില്‍ മൂവായിരത്തി അഞ്ഞൂറ് കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് സംസ്ഥാനം വിടേണ്ടി വന്നുവെന്ന് നിര്‍മ്മല സീതരാമന്‍ പറഞ്ഞു. ഇതിലൂടെ കിറ്റക്സ് ഗ്രൂപ്പിന്റെ പരാതിയാണ് ധനമന്ത്രി പരോക്ഷമായി സൂചിപ്പിച്ചത്.അതി രൂക്ഷ വിമര്‍ശനമാണ് നിര്‍മ്മല സീതാരാമന്‍ മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന സര്‍ക്കാരിനുമെതിരെ ബജറ്റ് ചര്‍യില്‍ ഉയർത്തിയത്. സംസ്ഥാനത്ത് വ്യവസായ മുരടിപ്പെന്നാണ് ധനമന്ത്രി പറഞ്ഞു വച്ചത്.
സംസ്ഥാനത്തേയ്ക്ക് വ്യവസായത്തെ ആകര്‍ഷിക്കാന്‍ കേരളം ഒന്നും ചെയ്യുന്നില്ല. കുറ്റകൃത്യങ്ങളുടെ പട്ടികയിലും കേരളം രാജ്യത്ത് മുൻ നിരയിലെത്തിയതും ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഭരണത്തിലാണെന്നും നിര്‍മ്മല സീതാരാമന്‍ കുറ്റപ്പെടുത്തി.ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ അതിന് തെളിവാണ്. 125 രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തിൽ സംഭവിച്ചത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലും കേരളം മുന്‍പിലാണെന്ന് കുറ്റപ്പെടുത്തി.
ബജറ്റില്‍ കേരളത്തിന് കിട്ടിയത് വെറും ആമയും തേങ്ങയുമാത്രമാണെന്ന സംസ്ഥാന സര്‍ക്കാരിന്‍റേതടക്കം പരിഹാസം കേന്ദ്രത്തിന് കുറിക്ക്കൊണ്ടുവെന്ന് വ്യക്തമാക്കുന്നതാണ് കേരളത്തിനെതിരായ നിര്‍മ്മല സീതാരാമന്‍റെ ഇത്തരം പരാമർശങ്ങൾ.
കമ്യൂണിസ്റ്റുകള്‍ അധികാരത്തിലിരിക്കുന്നിടത്തെല്ലാം സാമ്പത്തിക രംഗം തകര്‍ന്നെന്ന് കേരളത്തിനൊപ്പം ബംഗാളിനെകൂടി ഉദാഹരിച്ച് ധനമന്ത്രി വിശദീകരിക്കുകയുണ്ടായി.
കേരളത്തിന് യാതൊന്നും നല്‍കിയില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കെസി വേണുഗോപാല്‍ എംപിയടക്കം പ്രതികരിക്കുകയുണ്ടായി. അതിനുള്ള മറുപടിയെന്നോണം കശുവണ്ടി, നാളികേര കൃഷിയടക്കം മേഖലകളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ചൂണ്ടിക്കാട്ടി അതിന്‍റെയെല്ലാം പ്രയോജനം കേരളത്തിന് കിട്ടുമെന്നും ധനമനമന്ത്രി അവകാശപ്പെട്ടു.
അതേസമയം, കേരളത്തോടുള്ള അവഗണനയില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്‍റ് വളപ്പില്‍ രാത്രി വൈകിയും പ്രതിഷേധിച്ചു.
















































