മുംബൈ: ടി 20 ലോകകപ്പ് ക്രിക്കറ്റ് തുടങ്ങുന്നതിനു മുൻപേ ഇന്ത്യക്ക് തിരിച്ചടി. സന്നാഹ മത്സരത്തിൽ പരുക്കേറ്റ പേസർ ഹർഷിത് റാണ പുറത്ത്. പകരം മുഹമ്മദ് സിറാജിനെ ലോകകപ്പിനുള്ള ഇന്ത്യയുടെ ടി20 ടീമിൽ ഉൾപ്പെടുത്തി. അതേസമയം രണ്ടര വർഷങ്ങൾക്കു ശേഷമാണ് സിറാജ് ടി 20 ടീമിൽ തിരിച്ചെത്തുന്നത്. 2024 ജൂലൈ 30ന് ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് സിറാജ് ഇന്ത്യക്ക് വേണ്ടി അവസാനമായി ടി20 മത്സരം കളിച്ചത്. ഇന്ത്യക്ക് വേണ്ടി 16 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള സിറാജ് 14 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 17 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
അതേസമയം ടൂർണമെന്റ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെയാണ് റാണ പരുക്കേറ്റ് ലോകകപ്പിൽ നിന്ന് പുറത്താവുന്നത്. സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കുന്നതിനിടെ പേസർ ഹർഷിത് റാണയ്ക്കാണ് പരുക്കേറ്റത്. നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ വെറും ഒരു ഓവർ മാത്രംഎറിഞ്ഞ റാണ, കാൽമുട്ടിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഗ്രൗണ്ട് വിടുകയായിരുന്നു.
തന്റെ ഓവറിനിടയിൽ രണ്ട് തവണ റണ്ണപ്പിനായി ശ്രമിച്ചെങ്കിലും വേദന കാരണം ഹർഷിത് റണ്ണപ്പ് പൂർത്തിയാക്കാൻ ബുദ്ധിമുട്ടിയിരുന്നു. ആ ഓവറിൽ 16 റൺസാണ് താരം വിട്ടുകൊടുത്തത്. പിന്നീട് മുട്ടിൽ പിടിച്ചു കൊണ്ട് മുടന്തിയാണ് റാണ കളം വിട്ടത്. ഹർഷിത് റാണയ്ക്ക് പുറമെ മറ്റ് ചില പ്രധാന താരങ്ങളും ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെ വാരിയെല്ലിന് പരുക്കേറ്റ വാഷിങ്ടൺ സുന്ദർ ഇപ്പോഴും പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.
എന്നാൽ ലോകകപ്പിന് ഇറങ്ങും മുൻപ് സുന്ദർ കായികക്ഷമത വീണ്ടടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ കഴിഞ്ഞ മാസം ശസ്ത്രക്രിയയ്ക്ക് വിധേയനായ തിലക് വർമ ബാറ്റിംഗ് നിരയിൽ തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസമായിട്ടുണ്ട്. സന്നാഹ മത്സരത്തിൽ 19 പന്തിൽ 45 റൺസുമായി തിലക് മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി ഏഴിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ യുഎസിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.















































