പത്തനംതിട്ട: തിരുവല്ലയിലെ സ്പാ സെന്ററിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഗുരുതര ആരോപണവുമായി സ്പാ ഉടമ ഡോ. സഞ്ജയ്. സംഭവത്തിന് പിന്നിൽ ക്വട്ടേഷനാണെന്നും ക്വട്ടേഷൻ നൽകിയത് തിരുവല്ലയിലെ മറ്റൊരു സ്പാ ഉടമയാണെന്നും തന്‍റെ ബിസിനസ് തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും ഡോ. സഞ്ജയ് പറഞ്ഞു.
സുബിനും സംഘവും നടപ്പാക്കിയത് എതിർ ബിസിനസ് ഗ്രൂപ്പിന്‍റെ ക്വട്ടേഷനാണ്. ഗുണ്ടാപിരിവ് നൽകാത്തതിലുള്ള അതിക്രമം അല്ല നടന്നതെന്നും സഞ്ജയ് പറഞ്ഞു. ഗുണ്ടാപിരിവ് വിരോധം പൊലീസിന്‍റെ കഥയാണെന്നും പൊലീസും ഗുണ്ടകളും തമ്മിൽ അവിശുദ്ധ കൂട്ടുക്കെട്ട് ഉണ്ടെന്നും പൊലീസ് തന്‍റെ മൊഴി എടുത്തിട്ടില്ലെന്നും സഞ്ജയ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക പരാതി നൽകും.
അതേസമയം, തിരുവല്ല സ്പാ ബലാത്സംഗ കേസിൽ പൊലീസിലും ആഭ്യന്തര അന്വേഷണം തുടങ്ങി. പൊലീസ് – ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത നിർദ്ദേശപ്രകാരമാണ് അന്വേഷണം. സ്പാകളിൽ നിന്ന് മാസപ്പടി വാങ്ങുന്ന പൊലീസുകാർ തിരുവല്ല സ്റ്റേഷനിൽ ഉണ്ടെന്നാണ് സംശയം.
പൊലീസുകാരിൽ ചിലർ സ്പാ കളിൽ നിത്യസന്ദർശകരാണെന്നും വിവരമുണ്ട്. അതേസമയം, ബലാത്സംഗ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും. ആറ് പ്രതികളിൽ മരണ സുബിനും ബെർലിൻ ദാസും മാത്രമാണ് ഇതുവരെ അറസ്റ്റിലായത്. ഫെബ്രുവരി ഒന്നിനായിരുന്നു ഗുണ്ടകൾ സ്പാ യിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്.

















































