ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഞായറാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച അഞ്ച് മികച്ച പദ്ധതികൾ നേടിയെടുക്കാൻ സംസ്ഥാനങ്ങൾ തമ്മിൽ മത്സരിക്കേണ്ടിവരും. ബജറ്റിലെ പരാമർശ പ്രകാരം ചാലഞ്ച് മോഡ്, ചാലഞ്ച് റൂട്ട് എന്നിങ്ങനെ അറിയപ്പെടുന്ന ‘വെല്ലുവിളി മാർഗ’ത്തിലൂടെയാണ് ഈ പദ്ധതികൾ നേടിയെടുക്കേണ്ടത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന ശ്രദ്ധേയ പദ്ധതികൾ നടപ്പാക്കാനുള്ള ഭൂമി ഉൾപ്പെടെയുള്ള സൗകര്യങ്ങളുൾപ്പെടെ മികച്ച പ്രോജക്ടുമായി കേന്ദ്രത്തെ സമീപിക്കുന്ന സംസ്ഥാനങ്ങൾക്ക് അവ സ്വന്തമാക്കാം. വെല്ലുവിളിയേറ്റെടുത്താൽ കേരളത്തിനും മികച്ച പദ്ധതികൾ നേടിയെടുക്കാം.
അടിസ്ഥാന സൗകര്യവികസനത്തിന് 5,000 കോടി ലഭിക്കുന്ന നഗര സാമ്പത്തിക മേഖലാ പദ്ധതി, അഞ്ച് സർവകലാശാലാ ടൗൺഷിപ്പുകൾ, മൂന്ന് കെമിക്കൽ പാർക്കുകൾ, മെഗാ ടെക്‌സ്റ്റൈൽ പാർക്കുകൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്നിവയാണ് വെല്ലുവിളി മാർഗത്തിലൂടെ മത്സരിച്ച് നേടിയെടുക്കാവുന്ന പദ്ധതികൾ. ഇതിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എന്ന സ്ഥാപനം കിഴക്കൻ സംസ്ഥാനങ്ങൾക്കു വേണ്ടിയാണെന്ന് ബജറ്റിൽ പ്രത്യേകം പറയുന്നുണ്ട്. മറ്റ് നാല് പദ്ധതികൾക്ക് വേണ്ടിയും കേരളത്തിന് മത്സരിക്കാം.
അർഹമായ ഇടങ്ങളിൽ, കാലതാമസമില്ലാതെ, കാര്യക്ഷമമായി അതത് പദ്ധതികൾ നടപ്പാക്കുകയെന്നതാണ് കേന്ദ്രത്തിന്റെ ഈ ന്യൂ ജെൻ മത്സരം ലക്ഷ്യം വയ്ക്കുന്നത്.പ്രധാന വ്യവസായ ഇടനാഴികളോട് ചേർന്ന് അഞ്ച് സർവകലാശാലാ ടൗൺഷിപ്പുകൾ അനുവദിക്കുന്ന പദ്ധതിയെക്കുറിച്ച് ബജറ്റിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ വിശദീകരിക്കവേ, എങ്ങനെയാണ് മത്സരിക്കേണ്ടതെന്ന സൂചന ധനമന്ത്രി നൽകിയിരുന്നു. ‘ഭൂമി നൽകാൻ തയ്യാറാവുന്ന സംസ്ഥാനങ്ങൾ’ എന്നത് ഒരു മാനദണ്ഡമായി മന്ത്രി പറയുകയും ചെയ്തു. ഒന്നിലേറെ സർവകലാശാലകളും കോളേജുകളും ഗവേഷണ സ്ഥാപനങ്ങളും പാർപ്പിട സമുച്ചയങ്ങളുമടങ്ങുന്ന പദ്ധതിക്ക് സ്ഥലം കണ്ടെത്തുന്നതുൾപ്പെടെ നടപടികളുമായി വേഗത്തിൽ മുന്നേറുന്ന സംസ്ഥാനങ്ങൾക്ക് നേട്ടം കൊയ്യാം.
ടയർ ടു, ടയർ ത്രീ നഗരങ്ങളുടെയും ക്ഷേത്ര നഗരങ്ങളുടെയും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുമെന്ന പദ്ധതിയും ബജറ്റിലുണ്ട്. നഗര സാമ്പത്തികമേഖലകൾ സ്ഥാപിച്ചെടുത്ത് മികച്ച പദ്ധതികൾ ആവിഷ്കരിച്ച് കൃത്യമായി നടപ്പാക്കുന്നവർക്ക് 5,000 കോടി നേടിയെടുത്ത് വികസനപ്രവർത്തനങ്ങൾ നടത്താം. സാങ്കേതിക വസ്ത്ര നിർമാണത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നതാണ് മെഗാ ടെക്‌സ്റ്റൈൽ പാർക്ക് പദ്ധതി. വ്യവസായ രംഗത്തും മെഡിക്കൽ-പ്രതിരോധ മേഖലകളിലും വേണ്ട യൂണിഫോം അടക്കമാണിവിടെ നിർമിക്കുക. ആഭ്യന്തര കെമിക്കൽ ഉത്പാദനം വർധിപ്പിച്ച് ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനാണ് ഡെഡിക്കേറ്റഡ് കെമിക്കൽ പാർക്കുകൾ നൽകുന്നത്. കേന്ദ്രം മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശങ്ങൾക്കും മാനദണ്ഡങ്ങൾക്കുമനുസൃതം ഏതൊക്കെ സംസ്ഥാനങ്ങൾ പദ്ധതികൾ സ്വന്തമാക്കുമെന്നത് വഴിയേ അറിയാം.















































