ടെൽ അവീവ്: കുപ്രസിദ്ധമായ സ്ഡെ ടൈമാൻ പീഡന ക്യാമ്പിൽ ഒരു പലസ്തീൻ തടവുകാരനെ ഇസ്രായേൽ സൈനികർ കൂട്ടബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ ചോർന്നതിന് പിന്നാലെ അറസ്റ്റിലായ ചീഫ് മിലിട്ടറി അഡ്വക്കേറ്റിനെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
പലസ്തീൻ തടവുകാരന്റെ മലദ്വാരത്തിൽ മൂർച്ചയുള്ള വസ്തു കയറ്റി, ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇസ്രായേലിന്റെ ചീഫ് മിലിട്ടറി അഡ്വക്കേറ്റാണ് വീഡിയോ ചോർത്തിയതെന്നാണ് ആരോപണം. പിന്നാലെ അഡ്വക്കേറ്റിനെതിരെ ഇസ്രായേലിൽ വ്യാപക പ്രതിഷേധമുയർന്നു. വിവാദത്തിന് പിന്നാലെ, ഇസ്രായേൽ സൈന്യം നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ചുമതലയുള്ള ഉന്നത അഭിഭാഷകയായ മേജർ ജനറൽ യിഫാത്ത് ടോമർ-യെരുഷാൽമിയാണ് രാജിവെച്ചത്. പിന്നാലെ ഇവർ അറസ്റ്റിലായിരുന്നു.
ഒരു വർഷം മുമ്പാണ് ക്രൂരകൃത്യം നടന്നത്. ബലാത്സംഗ വീഡിയോ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് താനാണെന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഇവർ വെളിപ്പെടുത്തി. ഞായറാഴ്ച രാത്രി ഇവരെ അറസ്റ്റ് ചെയ്തു. ബലാത്സംഗം ചെയ്ത സൈനികർക്കെതിരായ കേസ് ഇപ്പോഴും തുടരുകയാണ്. ടോമർ-യെരുഷാൽമിക്കെതിരെ വിശ്വാസ ലംഘനം, ഉത്തരവാദിത്തമില്ലായ്മ, അന്വേഷണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് ഇസ്രായേലിന്റെ ചാനൽ 12 റിപ്പോർട്ട് ചെയ്തു. സംഭവം രാജ്യത്തിനെതിരായ ആക്രമണമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഇസ്രായേൽ രാഷ്ട്രം സ്ഥാപിതമായതിനുശേഷം നേരിട്ട ഏറ്റവും കടുത്ത പബ്ലിക് റിലേഷൻസ് ആക്രമണമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്രായേലി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ഈ കേസിനെ രക്തദാഹത്തിന്റെ കഥയെന്ന് വിശേഷിപ്പിച്ചു. ടോമർ-യെരുഷാൽമിക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേൽ സൈനികർക്കെതിരെ രക്തരൂക്ഷിതമായ അപവാദം പ്രചരിപ്പിക്കുകയും ഭീകരരുടെ ക്ഷേമത്തിന് മുൻഗണന നൽകുകയും ചെയ്യുന്ന ആരും ഐഎസ് യൂണിഫോം ധരിക്കാൻ യോഗ്യരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















































