പൊൻകുന്നം: ഏറെ നാളായുള്ള കുടിവെള്ള ക്ഷാമം പരിഹരിച്ച് പൊൻകുന്നത്ത് വീണ്ടും ബെവറജസ് ഔട്ട്‌ലെറ്റ് തുറന്ന ഉദ്യോഗസ്ഥന് യുവാവിന്റെ വക ദക്ഷിണ. ബെവറജസ് ഔട്ട്‌ലെറ്റ് തുറന്ന സന്തോഷത്തിൽ ബെവറജസിലെ ഉദ്യോഗസ്ഥന് ദക്ഷിണനൽകി ആദ്യ കുപ്പി വാങ്ങി ആഘോഷിച്ച് യുവാവ്. വെറ്റിലയിൽ അടയ്ക്കയും പണവുംവെച്ചാണ് യുവാവ് ബെവറജസിൽനിന്ന് ആദ്യകുപ്പി വാങ്ങിയത്.
ഒരുവർഷം മുമ്പാണ് ചില സാങ്കേതിക കാരണങ്ങളെ തുടർന്ന് പൊൻകുന്നത്ത് ബെവറജസ് ഔട്ട്‌ലെറ്റ് പൂട്ടിയത്. തിങ്കളാഴ്ച രാവിലെയാണ് ബെവറജസ് വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചത്. ഇവിടെ ബെവറജസിൽനിന്ന് ആദ്യം വിൽക്കുന്ന കുപ്പി വാങ്ങാനാണ് നെറ്റിയിൽ ഭസ്മക്കുറിയും ചാർത്തി കൈയിൽ ദക്ഷിണയുമായി യുവാവ് എത്തിയത്.
പ്രദേശവാസിയായ രഞ്ജുവാണ് സന്തോഷാധിക്യത്താൽ ദക്ഷിണയുംകൊണ്ട് കുപ്പി വാങ്ങാനെത്തിയത്. ഇനി ഈ ബെവറജസ് പൂട്ടരുതേയെന്നാണ് രഞ്ജുവിന്റെ മാത്രമല്ല, തങ്ങളുടെയെല്ലാം പ്രാർഥനയെന്ന് ഉദ്ഘാടനത്തിനെത്തിയവർ പറയുന്നു. ഇവിടെ ബെവറജസ് പൂട്ടിയിരുന്ന സമയത്ത് ദീർഘദൂരം യാത്രചെയ്ത് പാല, എരുമേലി, പള്ളിക്കത്തോട് എന്നിവിടങ്ങളിൽ നിന്നാണ് ആളുകൾ മദ്യം വാങ്ങിയിരുന്നത്.