കോഴിക്കോട്: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ അടിമുടി തിരുത്തലുകൾ ലക്ഷ്യമിട്ട് സി.പി.എം. വിപുലീകൃത സംസ്ഥാന സമിതി യോഗത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. അടുത്ത മാസം കോഴിക്കോട് നടക്കുന്ന യോഗത്തിലൂടെ പാർട്ടിയിൽ വലിയ തിരുത്തലുകളാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
വിപുലീകൃത സംസ്ഥാന സമിതിയുടെ സംഘാടക സമിതി രൂപീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഊർജ്ജത്തോടെ സി.പി.എം തിരിച്ചുവരുമെന്നും ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാന സമിതി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ, വർഗ ബഹുജന സംഘടനാ പ്രതിനിധികൾ എന്നിവർ വിപുലീകൃത കമ്മിറ്റിയിൽ പങ്കെടുക്കും. അതേസമയം, പയ്യന്നൂർ കമ്മിറ്റിയിൽ പുനഃസംഘടനയോ ഇളക്കിപ്രതിഷ്ഠയോ ഉണ്ടായിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അസംബന്ധമാണെന്നും ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാനത്തെ മഴ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പരാജയപ്പെട്ടെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. കാര്യങ്ങൾ കൃത്യമായി നടപ്പാക്കാതെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ പാർട്ടി സമ്മേളനത്തിന് ഹെലികോപ്റ്ററിൽ പോയെന്ന വി.ഡി. സതീശന്റെ വാദം തികച്ചും തെറ്റാണെന്നും ഗോവിന്ദൻ പറഞ്ഞു. ഓരോ വാർത്താസമ്മേളനത്തിലും കളവ് പറയുന്ന രീതിയാണ് മുഖ്യമന്ത്രിയുടേതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

















































