കൊച്ചി: പച്ചാളത്ത് മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തേത്തുടർന്ന് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പച്ചാളം ജനതാ കോളനി ലെയ്‌നിൽ തുണ്ടിപ്പറമ്പുവീട്ടിൽ അൽ ജൂഡ് എബ്രോയാണ് (40) കൊല്ലപ്പെട്ടത്. സംഭവത്തിൽ അൽ ജൂഡിന്റെ സുഹൃത്തായ പച്ചാളം ശാരദനിവാസിൽ ഷിനോജിനെ (40) നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു.
ഷിനോജിന്റെ വീടിന്റെ ടെറസിലുള്ള ഷെഡ്ഡിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. അൽ ജൂഡിന്റെ മുഖത്തും തലയ്ക്കു പിന്നിലും ആഴത്തിലുള്ള മുറിവുകളുണ്ട്. തലയ്ക്ക് പിന്നിലേറ്റ അടിയാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഷിനോജും അൽ ജൂഡും ഉൾപ്പെടെ അഞ്ചുപേരടങ്ങുന്ന സംഘം മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാവുകയായിരുന്നു. തർക്കം രൂക്ഷമായതോടെ ഷിനോജ് അൽ ജൂഡിന്റെ തലയിൽ ഫ്രൈയിങ്പാൻ കൊണ്ട് ശക്തമായി അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിനുശേഷം ഷിനോജും മറ്റ് സുഹൃത്തുക്കളും അവിടെനിന്നും കടന്നുകളഞ്ഞു. തിങ്കളാഴ്ച രാവിലെ വീടിന്റെ താഴത്തെനിലയിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥിത്തൊഴിലാളിയായ യുവാവ് അലക്കിയ തുണി എടുക്കാൻ ടെറസിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.
ഷിനോജ് സ്ഥിരമായി താമസിച്ചിരുന്ന വീടിന്റെ ടെറസിലുള്ള താത്കാലിക ഷെഡ്ഡിൽ ഈ സംഘം പതിവായി മദ്യപിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഷിനോജിനെ കൂടാതെ ഒപ്പമുണ്ടായിരുന്ന പച്ചാളം കാളയത്ത് രാജേഷ് (40), പച്ചാളം കല്ലുവീട്ടിൽ അശ്വിൻ നിവാസ് ജിനിൽ ദാമോദരൻ (56), വടുതല വാണിയംകാട്ടു ഹൗസ് ചന്ദ്രശേഖരൻ (59) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഷിനോജ് കുറ്റം സമ്മതിച്ചതായും ദൃക്‌സാക്ഷികളായ സുഹൃത്തുക്കൾ കൊലപാതകം സംബന്ധിച്ച് മൊഴി നൽകിയതായും പോലീസ് വ്യക്തമാക്കി. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
















































