പാലക്കാട്: ഒറ്റപ്പാലത്ത് റോഡിലെ കുഴി ഒഴിവാക്കുന്നതിനിടെ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. പാലക്കാട് ജൈനിമേട് സ്വദേശി സനൂപ് (30) ആണ് മരിച്ചത്. അപകടത്തിൽ സനൂപിന്റെ സഹോദരൻ സഞ്ജയ് (29) ഗുരുതരമായി പരിക്കേറ്റു. ഇയാളെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡിലെ കുഴി കണ്ട് ലോറി വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായത്. ഷൊർണൂർ ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും എതിർദിശയിൽ വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരനായ സനൂപ് തൽക്ഷണം മരിച്ചു.
കണ്ണിയംപുറം പാലം കഴിഞ്ഞുള്ള ഭാഗത്തെ റോഡിലെ കുഴികൾ വീണ്ടും അപകടമരണത്തിന് കാരണമായിരിക്കുകയാണ്. ഇവിടെ കുഴികൾ രൂപപ്പെട്ടതിന് പിന്നാലെ നടക്കുന്ന രണ്ടാമത്തെ അപകടമരണമാണിത്.
മൂന്നാഴ്ച മുൻപും ഇതേ ഭാഗത്തുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. റോഡിലെ മറ്റൊരു കുഴി ഒഴിവാക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരൻ ഇപ്പോഴും ചികിത്സയിലാണ്.
കുഴികൾ കണ്ടാൽ വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും വെട്ടിക്കുന്നതും കാരണം പിന്നിൽ വരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും ഇവിടെ പതിവാണെന്നാണ് നാട്ടുകാരുടെ പരാതി. അപകടങ്ങൾ ഉണ്ടായാൽ കുഴികളിൽ മെറ്റൽ ഇട്ട് താൽക്കാലികമായി അടയ്ക്കുന്നതല്ലാതെ റോഡ് പൂർണമായി റീ ടാർ ചെയ്യാൻ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. റോഡിലെ കുഴികൾ അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.






