കുഴൽമന്ദം: ബൈക്ക് മറിഞ്ഞ് റോഡരികിൽ വീണ യുവാവ് ആറുമണിക്കൂറോളം രക്തം വാർന്ന് മരിച്ചു. തേങ്കുറുശ്ശി വിളയന്നൂർ ചകിരാന്തൊടി വീട്ടിൽ ഷിയാസ് (28) ആണ് മരിച്ചത്. കുനിശ്ശേരിയിലെ ആമസോൺ കമ്പനിയുടെ ഡെലിവറി പോയിന്റിലെ വാൻ ഡ്രൈവറാണ് ഷിയാസ്. ബുധനാഴ്ച രാത്രി വൈകിയും ജോലിയിലായിരുന്ന ഷിയാസിനെ 11 മണിയോടെ വീട്ടുകാർ ഫോണിൽ വിളിച്ചിരുന്നു. അപ്പോൾ വൈകാതെ വീട്ടിലേക്ക് തിരിക്കുമെന്നാണ് ഷിയാസ് മറുപടി നൽകിയത്. പിന്നാലെ രാത്രി 12 മണിയോടെയാകാം അപകടം സംഭവിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
പാതയുടെ ഇടതുവശത്തുനിന്നും നിയന്ത്രണംവിട്ട ബൈക്ക് വലതുവശത്തേക്ക് നീങ്ങി ടാറിങ്ങിന് വെളിയിലെ മണ്ണിലൂടെ ഓടിയ ശേഷം സമീപത്തെ മരത്തിലിടിച്ച് മറിയുകയായിരുന്നു. അതേസമയം കാട്ടുപന്നിയോ, നായയോ ബൈക്കിന് കുറുകേ ചാടിയതാകാം നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്ന് സംശയിക്കുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡരികിലേക്ക് തെറിച്ചുവീണ ഷിയാസിന് ഗുരുതരമായി പരുക്കേറ്റതിനാൽ എഴുന്നേൽക്കാൻ സാധിച്ചിരുന്നില്ല. രാത്രിയായതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ ആറുമണിക്കൂറോളം ഷിയാസ് അവിടെത്തന്നെ കിടന്നു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് പരുക്കേറ്റ നിലയിൽ ഷിയാസിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഷിയാസിനെ പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിൽസയ്ക്കായി ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാവിലെ പത്തുമണിയോടെ മരിച്ചു.
അമിതമായി രക്തം വാർന്നുപോയതിനാൽ ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ ഷിയാസ് അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും അപകടം നടന്നയുടൻ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു. ആലത്തൂർ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പരേതനായ നൂർമുഹമ്മദിന്റെയും ഹയറുന്നീസയുടെയും മകനാണ് ഷിയാസ്. സഹോദരങ്ങൾ: ഷംസീർ, ഷിജില.
















































