കൊല്ലം: നഗരത്തിൽ കമ്മീഷണർ ഓഫീസിന് സമീപം കിടന്നുറങ്ങുകയായിരുന്ന വയോധികനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ തമിഴ്നാട് സ്വദേശി വിജു സുരേഷിനെ ചുറ്റിപ്പറ്റി ഗുരുതര സംശയങ്ങളുമായി പൊലീസ്. ഇയാൾ സീരിയൽ കില്ലറാണോയെന്ന ദിശയിലും അന്വേഷണം പുരോഗമിക്കുകയാണ്.
വാൽപ്പാറയിൽ നിന്ന് പിടിയിലായ വിജു സുരേഷ് തമിഴ്നാട്ടിൽ നോട്ടപ്പുള്ളിയും സ്ഥിരം കുറ്റവാളിയുമാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. അലഞ്ഞുതിരിഞ്ഞ് കുറ്റകൃത്യങ്ങൾ നടത്തുന്നതാണ് ഇയാളുടെ രീതിയെന്നും, പണം ആവശ്യപ്പെട്ട് നൽകാത്തവരെ ആക്രമിക്കുന്ന സ്വഭാവമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.
മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് ഇയാളെ കണ്ടെത്തുന്നത് പൊലീസിന് പലപ്പോഴും വെല്ലുവിളിയാക്കിയിട്ടുണ്ട്. ചരക്കുവാഹനങ്ങളിലോ ബൈക്കുകളിലോ ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യുന്ന രീതിയാണ് ഇയാളുടേത്..
ഇതിനിടെ, കല്ലുവാതുക്കലിൽ നടന്ന മറ്റൊരു വയോധികന്റെ കൊലപാതകത്തിലും വിജു സുരേഷിന് പങ്കുണ്ടോയെന്ന സംശയവും ശക്തമായിട്ടുണ്ട്. കല്ലുവാതുക്കൽ പഞ്ചായത്ത് ഓഫീസിന് സമീപം നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ പാരിപ്പള്ളി തൊളിക്കോട് സ്വദേശി രവീന്ദ്രൻ (65) മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടിരുന്നു. ഉറങ്ങിക്കിടക്കുന്നതിനിടെ തലയ്ക്കേറ്റ മാരകമായ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുകയും തുടർന്ന് കേസ് കൊലപാതകമായി രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
രണ്ടു സംഭവങ്ങൾക്കിടയിലെ സാമ്യതകൾ പരിശോധിച്ചുകൊണ്ട് കൊല്ലം സിറ്റി പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. കല്ലുവാതുക്കൽ കൊലപാതകത്തിന് പിന്നിലും വിജു സുരേഷ് തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത തേടുകയാണ് അന്വേഷണസംഘം.



















































