തിരുവനന്തപുരം: സംസ്ഥാനത്തിൻറെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കിയിരിക്കുകയാണ് യുഡിഎഫ് സർക്കാർ. പുറത്തിറക്കിയ ധവള പത്രത്തിൽ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചും സമിതിയുടെ ചില സുപ്രധാന ശുപാർശകളും അടങ്ങിയിട്ടുണ്ട്. അതിൽ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ (PSEs) സംസ്ഥാന ഖജനാവിന് ഭാരമാകാതെ സാമ്പത്തിക വളർച്ചയ്ക്ക് പ്രചോദനമാകുന്ന രീതിയിൽ പുനഃസംഘടിപ്പിക്കണമെന്നാണ് സമിതിയുടെ ശുപാർശകളിൽ പ്രധാനപ്പെട്ട ഒന്ന്.
പ്രധാന നിർദേശങ്ങൾ:
1. പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിഷ്കരണം- (കെഎസ്ഇബി പോലുള്ള പ്രധാന പൊതു യൂട്ടിലിറ്റി സ്ഥാപനങ്ങൾ സാമ്പത്തികമായി സ്വയംപര്യാപ്തമാകണം. സാമൂഹ്യ ഉത്തരവാദിത്തങ്ങൾ നിലനിർത്തേണ്ടതുണ്ടെങ്കിലും പ്രവർത്തനക്ഷമതയില്ലായ്മയും സാമ്പത്തിക ദുരുപയോഗവും അതിന്റെ പേരിൽ ന്യായീകരിക്കരുത്. സബ്സിഡികൾ സ്ഥാപനങ്ങൾക്ക് നൽകുന്നതിന് പകരം അർഹരായ ഉപഭോക്താക്കൾക്ക് നേരിട്ട് (Direct Benefit Transfer) നൽകണം).
2. പൊതുസേവനങ്ങൾക്ക് പൂർണ സബ്സിഡി- (ഉപഭോക്തൃ നിരക്കുകൾ വഴി ചെലവ് തിരിച്ചുപിടിക്കാൻ കഴിയാത്ത പൊതുപ്രയോജന സേവനങ്ങൾക്ക് സർക്കാർ പൂർണ സബ്സിഡി നൽകണം).
3. വൈദ്യുതി ഉൽപാദന ശേഷി വർധിപ്പിക്കുക- (AI, ഡാറ്റാ സെന്ററുകൾ, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങിയ ഭാവി വ്യവസായങ്ങൾക്ക് വലിയ തോതിൽ വൈദ്യുതി ആവശ്യമാണ്. സൗരോർജം, ജലവൈദ്യുതി, ആണവോർജം എന്നിവയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും വൈദ്യുതി വിതരണ-സംഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും വേണം).
4. ബെവ്കോയും സപ്ലൈകോയും ലയിപ്പിക്കുക- (ലാഭത്തിലുള്ള ബെവ്കോയും നഷ്ടത്തിലുള്ള സപ്ലൈകോയും ഒരൊറ്റ കോർപ്പറേഷനായി ലയിപ്പിക്കണം. ഇതിലൂടെ ബെവ്കോയുടെ ലാഭം ഉപയോഗിച്ച് സപ്ലൈകോയുടെ നഷ്ടം നികത്താനും നികുതി ഭാരം കുറയ്ക്കാനും കഴിയും.
5. നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളുടെ പുനഃസംഘടന- (തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരണം, ഓഹരി വിറ്റഴിക്കൽ, അല്ലെങ്കിൽ അടച്ചുപൂട്ടൽ എന്നിവ പരിഗണിക്കണം. ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കണം. ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിയും മറ്റ് ആസ്തികളും കൂടുതൽ ഉൽപാദനക്ഷമമായ മേഖലകളിലേക്ക് മാറ്റി വിനിയോഗിക്കണം.
6. കൃത്യമായ ഓഡിറ്റ് (എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സമയബന്ധിതമായി ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകൾ പ്രസിദ്ധീകരിക്കണമെന്ന് സർക്കാർ ഉറപ്പാക്കണം).



















































