ആലപ്പുഴ: തിരഞ്ഞെടുപ്പ് തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽ ചുമത്തുന്നത് നീതികേടാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അധികാരത്തിന്റെ മധുരം നുകർന്ന നേതാക്കളും അണികളും സാധാരണ ജനങ്ങളിൽ നിന്ന് അകന്നതാണ് ഇടതുമുന്നണിയുടെ തിരിച്ചടിക്ക് പ്രധാന കാരണമെന്നും അദ്ദേഹം വിമർശിച്ചു.
എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദ’ത്തിൽ ‘സഖാക്കളോട്’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. പിണറായി വിജയനെ പത്തുവർഷം പുകഴ്ത്തിപ്പാടിയിരുന്ന പാർട്ടിയിലെ ഒരു വിഭാഗം, തുടർഭരണം നഷ്ടമായതോടെ എല്ലാ കുറ്റങ്ങളും അദ്ദേഹത്തിന്റെ തലയിൽ കെട്ടിവെച്ച് വിമർശിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ചരിത്രത്തിലാദ്യമായി ഇടതുമുന്നണിക്ക് തുടർഭരണം നേടിക്കൊടുത്ത നേതാവാണ് പിണറായി വിജയനെന്നും, ശബരിമല സ്ത്രീപ്രവേശന വിഷയം വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെട്ട സാഹചര്യത്തിലും 2021-ൽ മുന്നണിയെ വിജയത്തിലേക്ക് നയിച്ചതും അദ്ദേഹത്തിന്റെ നേതൃത്വമാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
രണ്ടാം ഭരണകാലത്ത് നേതാക്കളും അണികളും സുഖലോലുപരായെന്നും ജനകീയ പ്രശ്നങ്ങളിൽ നിന്ന് അകന്ന് സാമ്പത്തിക നേട്ടങ്ങൾക്കായി ഓടിയെന്നും അദ്ദേഹം വിമർശിച്ചു. അധികാരലഹരിയിൽ പാർട്ടിയുടെ മേൽത്തട്ടുമുതൽ കീഴ്ത്തട്ടുവരെയുള്ള പലരും നടത്തിയ തെറ്റുകളാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്നും ലേഖനത്തിൽ പറയുന്നു.
ജനപ്രിയരല്ലാത്ത സ്ഥാനാർഥികളെ മത്സരിപ്പിച്ചതും പരാജയത്തിന്റെ ആക്കം കൂട്ടിയതായി വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. പിണറായി വിജയൻ വർഷങ്ങളായുള്ള സമരപാരമ്പര്യത്തിലൂടെ വളർന്ന നേതാവാണെന്നും പാർട്ടിയുടെ പ്രതിസന്ധിക്കാലങ്ങളിൽ ശക്തമായ നേതൃത്വം നൽകിയ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐയുടെ നിലപാടുകളും രണ്ടാം പിണറായി സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും വെള്ളാപ്പള്ളി വിമർശിച്ചു. സി.പി.ഐ കൈകാര്യം ചെയ്ത ചില വകുപ്പുകൾ പരാജയമായിരുന്നുവെന്നും, സിവിൽ സപ്ലൈസ്, റവന്യൂ വകുപ്പുകളിൽ അഴിമതി ആരോപണങ്ങൾ ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ലേഖനത്തിൽ വിമർശനമുണ്ട്. വിവാദപുരുഷനായ പി. ശശിയുടെ നിയന്ത്രണത്തിലുള്ള ഓഫീസ് പലപ്പോഴും ഉപജാപക സംഘങ്ങളുടെ സ്വാധീനത്തിലായിരുന്നുവെന്നാണ് ആരോപണം. മുഖ്യമന്ത്രി അറിയാതെ പല ഇടപെടലുകളും നടന്നുവെന്നും, ചിലർ സമാന്തര ഭരണകൂടം പോലെ പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ദോഷങ്ങളും പിണറായിയുടെ തലയിൽ വച്ച് പാപികൾ പുണ്യാളവേഷം കെട്ടുകയാണിപ്പോൾ. ഈ ഉപജാപക സംഘം കേരളത്തിൽ സമാന്തര ഭരണകൂടമായി പ്രവർത്തിച്ചതിന്റെ കൂടി കേടാണ് ഇപ്പോൾ പിണറായി വിജയനും പാർട്ടിയും അനുഭവിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ സി.പി.എം നേതൃത്വം ആത്മപരിശോധനയും സ്വയംവിമർശനവും നടത്തേണ്ട സമയമാണിതെന്നും വെള്ളാപ്പള്ളി നടേശൻ ലേഖനത്തിൽ അഭിപ്രായപ്പെട്ടു.



















































