ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കില്‍ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ ആക്രമണങ്ങളും സൈനിക ഏറ്റുമുട്ടലുകളും തുടരുകയാണ്. ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസിന്റെ നിയന്ത്രണത്തിനായി ഇറാൻ നടത്തുന്ന നീക്കങ്ങൾ വലിയ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
ഉപരോധങ്ങൾ നീക്കുന്നതിനും എണ്ണ വരുമാനം തിരിച്ചുപിടിക്കുന്നതിനുമായി ഇറാൻ സമ്മർദ്ദം ചെലുത്തുമ്പോൾ അമേരിക്കൻ പ്രതിരോധ സേന തിരിച്ചടി തുടരുകയാണ്. സമാധാന ശ്രമങ്ങൾക്കിടയിലും യുഎസ് സഖ്യകക്ഷികൾക്ക് നേരെയുള്ള ആക്രമണങ്ങൾ പശ്ചിമേഷ്യയിലെ സാഹചര്യം കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ-അന്താരാഷ്ട്ര കപ്പലുകൾക്ക് ഈ ഡ്രോണുകൾ ഭീഷണിയാണെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് അമേരിക്കൻ സേന അവ തകർത്തത് എന്നാണ് വിവരം. പശ്ചിമേഷ്യയിലെ യുഎസ് സൈനിക പ്രവർത്തനങ്ങളുടെ ചുമതലയുള്ള യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ആണ് ശനിയാഴ്ച രാത്രി വൈകി ഈ വിവരം പുറത്തുവിട്ടത്.
‘മിഡിൽ ഈസ്റ്റിലെ യുഎസ് സേന രണ്ട് ഇറാനിയൻ വൺ-വേ അറ്റാക്ക് ഡ്രോണുകൾ വെടിവെച്ചിട്ടു.’ എന്ന് CENTCOM എക്‌സിലൂടെ വ്യക്തമാക്കി. ഇറാനിയൻ കടന്നുകയറ്റങ്ങൾക്കെതിരെ പ്രതിരോധം തുടരാൻ തങ്ങൾ സജ്ജമാണെന്നും സേന അതീവജാഗ്രതയിൽ തുടരുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് അമേരിക്കൻ സേന ഇറാന്റെ ഡ്രോണുകൾ വെടിവെച്ചിടുന്നത്. ഇതിന് തൊട്ടുമുൻപ് നാല് ഡ്രോണുകൾകൂടി അമേരിക്ക തകർത്തിരുന്നു. യുഎസ് സഖ്യകക്ഷികളായ ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തതിന് പിന്നാലെയാണ് മേഖലയിൽ വീണ്ടും സംഘർഷങ്ങൾ ഉടലെടുത്തിരിക്കുന്നത്.


















































