മരണം തനിക്കൊപ്പം തന്നെയുണ്ട്, ഏതുനിമിഷവും അത് തന്നെയും കൊണ്ടു പോകുമെന്ന് പൂർണ്ണ ബോധ്യമുണ്ടായിരുന്ന ഒരു കലാകാരനായിരുന്നു സലിം കുമാർ. രോഗശയ്യയിലായിരുന്നപ്പോഴും അതിനു ശേഷം തിരികെ വന്നപ്പോഴും ഒരുപോലെ ചിരിയോടെ ജീവിതത്തെ നേരിട്ട അദ്ദേഹം, മുൻപ് തന്റെ ജന്മദിനത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചയാവുകയാണ്. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു, തന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണു തുടങ്ങിയെന്നും അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു.
സലിം കുമാറിന്റെ ആ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു:
‘ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ്. ഇത്രയും കാതങ്ങൾ പിന്നിടുന്നതിന് എന്റെ സഹയാത്രികർ എനിക്ക് നൽകിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി.
ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല. ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം, അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റൂ. എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ്. എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല എന്നാലും ഞാൻ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉണ്ടാകണം. സ്നേഹപൂർവ്വം, നിങ്ങളുടെ സലിംകുമാർ.’

















































