തിരുവനന്തപുരം: വെടിവച്ചാം കോവിലിലെ 17-കാരന്റെ കൊലപാതകത്തിന് പിന്നിൽ ഒരു വർഷമായി കൊണ്ടുനടക്കുന്ന പകയെന്ന് പോലീസ്. ഒരു വർഷം മുൻപ് ഫുട്‌ബോൾ കളിക്കിടെ രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. അന്ന് ഇരുകൂട്ടരും തമ്മിൽ സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. എന്നാൽ ഇരു സംഘവും പക വെച്ചുപുലർത്തി. അതിന്റെ പിൻതുടർച്ചയാണ് ശിവസൂര്യയുടെ കൊലപാതകമെന്ന് പോലീസ് പറഞ്ഞു.
കൂടാതെ കഴിഞ്ഞ ദിവസം എതിർ സംഘത്തിലെ ഒരാളെ ശിവസൂര്യ തുറിച്ചു നോക്കിയതും പ്രകോപനം ഇരട്ടിയാക്കി. പിന്നാലെ സംഘമായെത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. അതേസമയം അഞ്ചു പേരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ മൂന്ന് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഘർഷത്തിന് പിന്നാലെ ചോരയിൽ കുളിച്ച ശിവസൂര്യയെ പ്രതികൾ ബൈക്കിലാണ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. രണ്ടുപേർക്ക് നടുവിലായി ബൈക്കിൽ ഇരുത്തുന്നതും സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. കൊണ്ടുപോകുമ്പോൾ തന്നെ ശിവസൂര്യ ബോധരഹിതനായിരുന്നു. പിടിച്ചുള്ള തള്ളലിൽ 17 കാരൻ നിലത്ത് വീഴുന്നതും വഴിയരികിൽ കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.


















































