തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ശുപാർശ ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഡി.ജി.പിക്ക് നൽകിയ കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ. നേരത്തെ പുറത്തുവന്ന കണക്കുകളേക്കാൾ വലിയ തുകയുടെ ഇടപാടുകൾ നടന്നതായുള്ള വിവരങ്ങൾ കത്തിലുണ്ടെന്നാണ് സൂചന. ഇതോടെയാണ് കത്തിലെ വിവരങ്ങളിൽ വിശദമായ നിയമപരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചത്.
പിണറായി വിജയനെതിരെ കേസ് എടുക്കേണ്ടി വരുമെന്ന സൂചനയാണ് ഉന്നത സർക്കാർ വൃത്തങ്ങൾ നൽകുന്നത്. എന്നാൽ ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഇ.ഡി. അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ തെളിവുകൾ ഡി.ജി.പിക്ക് കൈമാറിയതിന് പിന്നാലെ മാസപ്പടി കേസിൽ കൂടുതൽ ചോദ്യം ചെയ്യലിനൊരുങ്ങുകയാണ് അന്വേഷണ സംഘം. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ. ഉദ്യോഗസ്ഥർക്ക് ഇ.ഡി. നോട്ടീസ് നൽകിയിട്ടുണ്ട്.
ടി. വീണയുടെ കമ്പനി വഴി നടന്ന കള്ളപ്പണ ഇടപാട് പിണറായി വിജയന് വേണ്ടിയുള്ളതായിരുന്നുവെന്നും വീണ ഇടനിലക്കാരിയായി പ്രവർത്തിച്ചെന്നുമാണ് ഇ.ഡി.യുടെ കണ്ടെത്തലെന്നാണ് വിവരം. എന്നാൽ എസ്.എഫ്.ഐ.ഒ. കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിനാൽ നിലവിലെ കേസിൽ പിണറായി വിജയൻ പ്രതിയല്ല. വീണയും സി.എം.ആർ.എൽ. ഉടമകളും ഉദ്യോഗസ്ഥരുമാണ് നിലവിൽ കേസിലെ പ്രതികൾ.
ഈ സാഹചര്യത്തിലാണ് വീണയ്ക്ക് ലഭിച്ച 3.28 കോടി രൂപ പിണറായി വിജയനുള്ള അഴിമതിപ്പണമാണെന്ന് ചൂണ്ടിക്കാട്ടി പോലീസിനോട് കേസ് രജിസ്റ്റർ ചെയ്യാൻ ഇ.ഡി. ആവശ്യപ്പെട്ടതെന്നാണ് വിവരം.
വിജിലൻസ് കേസ് രജിസ്റ്റർ ചെയ്താൽ ഈ എഫ്.ഐ.ആർ നിലവിലെ കള്ളപ്പണ കേസിന്റെ ഭാഗമാക്കാൻ ഇ.ഡിക്ക് കഴിയുമെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. ഇതോടെ പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസിൽ പ്രധാന പ്രതികളാക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങുമെന്നും അവർ പറയുന്നു.
കത്തിലെ ആരോപണങ്ങളുടെ നിയമസാധുത പരിശോധിച്ച ശേഷമായിരിക്കും സംസ്ഥാന സർക്കാരിന്റെ അന്തിമ തീരുമാനം. മാസപ്പടി കേസിലെ തുടർനടപടികൾ ഇതോടെ കൂടുതൽ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.






