തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ പൊതുമരാമത്ത് മന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസ് 20.5 കോടി രൂപ കൈക്കൂലിയായി സമ്പാദിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ഇതിൽ ഒരു ഭാഗം ഹവാല ഇടപാടിലൂടെ ദുബായിലേക്ക് കടത്തിയെന്നും ഡിജിപിക്ക് നൽകിയ കത്തിൽ ഇ.ഡി. വ്യക്തമാക്കുന്നു. എന്നാൽ റിയാസിന് കൈക്കൂലി ലഭിച്ചത് സിഎംആർഎൽ കമ്പനിയിൽ നിന്നല്ലെന്നും റിപ്പോർട്ടിലുണ്ട്. വിവിധയിടങ്ങളിൽനിന്ന് കൈക്കൂലി വ്യാപകമായി ലഭിക്കുന്നതിന്റെ സൂചനയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും ഇ.ഡി. ചൂണ്ടിക്കാട്ടുന്നു.
റിയാസിന്റെ കൈക്കൂലി ഇടപാടിനും ഹവാല വഴി പണം കടത്തിയതിനും ഭാര്യ ടി. വീണയുടെ ഡയറിയിൽ തെളിവുണ്ടെന്നും ഇ.ഡി. അവകാശപ്പെടുന്നു. കത്തിൽ വീണയുടെ ഡയറിയെ ‘റെഡ് ബുക്ക്’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഡയറിയിലെ ഏഴ് പേജുകളിൽ ഇതുസംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇ.ഡി. പറയുന്നു.
ദുബായിലേക്ക് പണം കടത്തിയ സമയത്ത് രണ്ടാഴ്ചയോളം വീണ ദുബായിൽ താമസിച്ചതിനും തെളിവുണ്ടെന്നാണ് ഇ.ഡിയുടെ അവകാശവാദം. റിയാസിന്റെ സുഹൃത്തുക്കളായ നിഖിൽ, ഷൈജൽ, വാരിസ് എന്നിവർക്ക് പണം കടത്തിയതിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഇവർ ഇക്കാര്യം സമ്മതിച്ച് മൊഴി നൽകിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു. കത്തിന്റെ പൂർണ വിവരങ്ങൾ മനോരമ ന്യൂസിന് ലഭിച്ചതായാണ് റിപ്പോർട്ട്.
അതേസമയം, കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുന്നതിൽ സർക്കാർ നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമോപദേശം ലഭിച്ചില്ലെങ്കിലും കേസെടുക്കേണ്ടി വരുമെന്ന വിലയിരുത്തലിലാണ് സർക്കാർ.
ഇന്നലെ രാത്രിയും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും വിഷയം ചർച്ച ചെയ്ത് സാഹചര്യം വിലയിരുത്തിയിരുന്നു. കേസിൽ ഏതെല്ലാം വകുപ്പുകൾ ചുമത്തണം, അന്വേഷണം ഏത് രീതിയിൽ നടത്തണം തുടങ്ങിയ കാര്യങ്ങളിലാണ് നിയമോപദേശത്തിലൂടെ വ്യക്തത തേടുന്നത്. കേസെടുക്കുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താനാകുമോയെന്നും നിയമോപദേശം തേടിയിട്ടുണ്ട്.
അതിനിടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് പുലർച്ചെ അമേരിക്കയിലേക്ക് തിരിച്ചു. സ്വകാര്യ യാത്രയ്ക്കായാണ് അമേരിക്കയിലേക്ക് പോയത്. നിയമോപദേശം ലഭിച്ചാൽ ആഭ്യന്തരമന്ത്രി തിരിച്ചെത്തുന്നതിന് മുമ്പുതന്നെ തുടർനടപടികൾ സ്വീകരിക്കാനുള്ള നിർദേശങ്ങൾ നൽകിയാണ് യാത്രയെന്നാണ് വിവരം.






