ബെംഗളൂരു: ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ആക്രണത്തിനിരയായ തൃശ്ശൂർ സ്വദേശിനി മരിച്ചു. വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനി(47)യാണ് മരിച്ചത്. നായ്ക്കളെ പരിചരിക്കാൻ ബെംഗളൂരുവിലേക്ക് ജോലിക്ക് പോയ യുവതിക്കു നേരെ ഈ മാസം മൂന്നിനാണ് ആക്രമണമുണ്ടായത്. പിന്നാലെ പോലീസെത്തിയാണ് യുവതികളെ മോചിപ്പിച്ചത്. സംഭവ ശേഷം മുങ്ങിയ പ്രതി ബെംഗളൂരുവിലെ മലയാളിയായ ദീപക് കൃഷ്ണക്കായി തൃശ്ശൂർ ഈസ്റ്റ് പോലീസ് തിരച്ചിൽ നടത്തിവരികയാണ്.
ബെംഗളൂരുവിലെ സുലിബലേയിലാണ് ക്രൂരമായ സംഭവം നടന്നത്. തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഉടമയായ ദീപക് കൃഷ്ണ കൊല്ലം സ്വദേശിയാണ് യുവതിയെ ആക്രമിച്ചത്. നാൽപ്പതിനായിരം രൂപ വീതം ശമ്പളം നൽകാമെന്ന് അറിയിച്ചാണ് വാടാനപ്പള്ളി സ്വദേശിനിയെയും തൃശൂർ സ്വദേശിനിയായ മറ്റൊരു യുവതിയെയും ബെംഗളൂരുവിൽ എത്തിച്ചത്. ഇയാളുടെ പെരുമാറ്റം അസ്വാഭാവികമായി തോന്നിയ യുവതികൾ തിരികെ കേരളത്തിലേക്ക് മടങ്ങുകയാണ് എന്ന് അറിയിച്ചപ്പോൾ ആയിരുന്നു ആക്രമണം.
ഇതിനിടെ യുവതിയെ താൻ ആക്രമിച്ചു എന്ന ദീപക് കൃഷ്ണൻ സമ്മതിക്കുന്ന ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. അവളുടെ കഴുത്തിന് നല്ലപോലെ കൊടുത്തിട്ടുണ്ട്. ചത്ത് കഴിഞ്ഞാൽ നോക്കാം എന്നായിരുന്നു ദീപക്കിന്റെ ഓഡിയോ സന്ദേശം. തലച്ചോറിന് ഗുരുതര പരുക്കേറ്റ യുവതി അബോധാവസ്ഥയിൽ ആയെന്നും ഇനി ഒന്നും ചെയ്യാനില്ലെന്ന് ഡോക്ടർസ് അറിയിച്ചതായി യുവതിയുടെ ഭർത്താവ് നേരത്തെ പ്രതികരിച്ചിരുന്നു.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് യുവതി ബംഗളൂരുവിൽ ദീപക് നടത്തുന്ന ഷെൽട്ടർ ഹോമിലേക്ക് ജോലിയ്ക്കായി എത്തുന്നത്. 16 നായ്ക്കളാണ് ഇവിടെ ഉണ്ടായിരുന്നത്. വാടാനപ്പള്ളിയിൽ തെരുവ് നായകൾക്കായി ഷെൽട്ടർ ഹോം നടത്തിവരികയായിരുന്ന ഇവർ ഒരു പത്ര പരസ്യം കണ്ടാണ് ഇവിടേക്ക് എത്തുന്നത്. യുവതിയുടെ സഹോദരിയുടെ മകളും കൂടാതെ ഒരു തൃശൂർ സ്വദേശിനിയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഇയാളുടെ പെരുമാറ്റത്തിലെ ചില പ്രശ്നങ്ങളും മദ്യപാനവും സുനിതയെയും മറ്റുള്ളവരെയും ഏറെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഇതോടെ ജോലി നിർത്തി പോകുകയാണെന്ന് പറഞ്ഞതാണ് ദീപക്കിനെ പ്രകോപിപ്പിച്ചത്. കൂടുതൽ പണം നൽകാം എന്ന് പറഞ്ഞെങ്കിലും ഇവർ അതിനൊന്നും സമ്മതിച്ചിരുന്നില്ല.
ഇതിനിടെ യുവതിയെ ആക്രമിക്കുകയായിരുന്നു. പോലീസ് എത്തിയാണ് യുവതികളെ മോചിപ്പിച്ചത്. കർണാടക പോലീസുകാരെ വീടിനുള്ളിൽ പൂട്ടിയിടാനും ഇയാൾ ശ്രമിച്ചു. ബംഗളൂരുവിലെ രണ്ട് ആശുപത്രികളിൽ എത്തിച്ച ശേഷമാണ് 47 കാരിയെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് എത്തിച്ചതും. എന്നാൽ ഇവരുടെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു,

















































