തൃശ്ശൂർ: കയ്പമംഗലത്തെ കൂട്ടമരണത്തിന്റെ നടുക്കം മാറുംമുൻപേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റിൽ നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് മൂന്നുവയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ശനിയാഴ്ച രാത്രി 11.40-ഓടെയായിരുന്നു അപകടം.
ബൈക്ക് യാത്രക്കാരായ എടക്കഴിയൂർ സ്വദേശികളായ മുനീർ, ഷിഫ്ന, ഇവരുടെ മൂന്നുവയസ്സുള്ള മകൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. നിയന്ത്രണംവിട്ട കാർ ബൈക്കിലേക്ക് ഇടിച്ചുകയറിയ ശേഷം റോഡരികിലെ വൈദ്യുതപ്പോസ്റ്റിലും ഇടിച്ച് തകർത്തു.
അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം കയ്പമംഗലം പനമ്പിക്കുന്നിൽ ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി തമിഴ്നാട് സ്വദേശികളായ എട്ടുപേർ മരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 11.42-ഓടെയായിരുന്നു അപകടം. മരിച്ചവരെല്ലാം ദിണ്ടിഗലിലെ സ്വകാര്യ എൻജിനീയറിങ് കോളേജ് വിദ്യാർഥികളായിരുന്നു.
കയ്പമംഗലത്തെ ദുരന്തത്തിന്റെ നടുക്കം മാറുംമുൻപാണ് കുന്നംകുളത്തും മൂന്ന് ജീവനുകൾ റോഡിൽ പൊലിഞ്ഞത്. തുടർച്ചയായ വാഹനാപകടങ്ങൾ തൃശ്ശൂരിൽ ആശങ്ക ഉയർത്തുകയാണ്.






