തിരുവനന്തപുരം: പാര്‍ട്ടി നിര്‍ദേശത്തെ വെല്ലുവിളിച്ച് പാളയം പ്രദീപിനെ സ്റ്റാഫാക്കാൻ കത്ത് നൽകിയ രമ്യാ ഹരിദാസ് എംഎല്‍എയുടെ നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തുന്നതിനായി നിയമസഭാ സെക്രട്ടേറിയുടെ ഓഫീസിൽ കത്ത് നല്‍കിയ സംഭവത്തിലാണ് സ്പീക്കറുടെ പ്രതികരണം.
സ്പീക്കറുടെ ഓഫീസിന്റെ സ്വതന്ത്രമായ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന പ്രവൃത്തികളിൽ നിന്നും പിന്തിരിയണം. വിവാദങ്ങളിലേക്ക് സ്പീക്കറുടെ ഓഫീസിനെ വലിച്ചിഴയ്ക്കാൻ ശ്രമിക്കരുത്. പരാതികൾക്കും നിയമപരമായ വിഷയങ്ങൾക്കും പരിഹാരം കാണാൻ മറ്റ് മാർഗ്ഗങ്ങളുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ഒന്നുമുണ്ടാകരുതെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. രമ്യ ഹരിദാസ് നൽകിയ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
സ്പീക്കർ ഓഫീസ് കക്ഷി അല്ലാതിരുന്നിട്ടും കക്ഷി ആക്കാൻ ശ്രമിക്കരുത്. രമ്യയോട് സംസാരിച്ചെന്നും ഇക്കാര്യത്തിൽ ശക്തമായ നിലപാടാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.






