തിരുവനന്തപുരം: തിങ്കളാഴ്ച നഗരസഭാ കൗൺസിൽ യോഗത്തിനിടെ നടന്ന കയ്യാങ്കളിയിലും ഉന്തിലും തള്ളിലും മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് പോലീസ്. ബിജെപി കൗൺസിലർമാർക്കെതിരെ യുഡിഎഫ് കൗൺസിലർമാർ നൽകിയ പരാതിയിലാണ് ആദ്യത്തെ കേസ്. പൊതുവഴി തടസപ്പെടുത്തിയതിനാണ് പോലീസ് സ്വമേധയാ എടുത്തതാണ് മറ്റു രണ്ട് കേസുകൾ.
അതിൽ യുഡിഎഫ് കൗൺസിലർമാരുടെ പരാതിയിൽ ബിജെപി കൗൺസിലറായ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് മ്യൂസിയം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നീ നാല് കൗൺസിലർമാരും പ്രതികളാണ്. ഇവർ വനിതാ കൗൺസിലർമാരായ ഷെർലി, അനിത അലക്സ് എന്നിവരെ ദേഹോപദ്രവം ഏൽപ്പിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും മുഖത്തടിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. മർദനമേറ്റ പാളയം വാർഡ് കൗൺസിലർ ഷെർലി, നാലാഞ്ചിറ കൗൺസിലർ ത്രേസ്യാമ്മ എന്നിവർക്ക് മുഖത്തും കൈക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. ഇവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്
അതേസമയം മറ്റ് രണ്ട് കേസുകൾ പോലീസ് സ്വമേധയാ രജിസ്റ്റർ ചെയ്തതാണ്. പൊതുവഴി തടസപ്പെടുത്തി പ്രതിഷേധം സംഘടിപ്പിച്ചതിനാണ് കേസുകൾ എടുത്തിരിക്കുന്നത്. ഇതിൽ ഒരു എഫ്ഐആറിൽ എൽഡിഎഫ് കൗൺസിലർമാരായ എസ്പി ദീപക്, കെ. ശ്രീകുമാർ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് ആദ്യത്തെ കേസ്. രണ്ടാമത്തെ എഫ്ഐആറിൽ കെ.എസ്. ശബരീനാഥ്, മേരി പുഷ്പം എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്കെതിരെയും പോലീസ് കേസെടുത്തു.
ഇന്നലെ ഹാജർ രജിസ്റ്ററിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് കയ്യാങ്കളിയിലെത്തിയത്. എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധം കഴിഞ്ഞ് പുറത്തുപോയ സമയത്ത് ബിജെപി- കോൺഗ്രസ് കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും ഏറ്റുമുട്ടലും ഉണ്ടാവുകയായിരുന്നു. കൗൺസിലർ സുഗതനുമായി ബന്ധപ്പെട്ട രേഖകളിൽ കോൺഗ്രസ് കൗൺസിലർ ശബരീനാഥ് അടക്കമുള്ളവർ തിരിമറി നടത്താൻ ശ്രമിച്ചെന്ന ബിജെപി കൗൺസിലർമാർ നടത്തിയ ആരോപണമാണ് സംഘർഷത്തിലെത്തിയത്.

















































