അധികാരം കിട്ടിയില്ലെങ്കിൽ മുഴുവൻ എംഎൽഎമാരേയും രാജി വെപ്പിക്കാനൊരുങ്ങി ടിവികെ!! എടപ്പാടി പളനിസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം? പുതിയ തന്ത്രങ്ങൾ നെയ്ത് അണ്ണാ ഡിഎംകെ- ഡിഎംകെ നേതാക്കൾ
ചെന്നൈ: അധികാരം കൈവിടാതിരിക്കാൻ രാഷ്ട്രീയ എതിരാളികളായ അണ്ണാ ഡിഎംകെയുമായി ചേർന്ന് മന്ത്രിസഭയുണ്ടാക്കണമെന്ന ആവശ്യം ഡിഎംകെയിൽ ശക്തമാകുന്നു. തമിഴ്നാട്ടിൽ രാഷ്ട്രീയപ്രതിസന്ധി തുടരുന്നതിനിടെ നിയുക്ത എംഎൽഎമാരോട് ചെന്നൈയിൽ തുടരാൻ പാർട്ടി നിർദേശിച്ചിട്ടുണ്ട്. അതേസമയം അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി എംഎൽഎമാരുമായുള്ള ചർച്ചയ്ക്കായി പുതുച്ചേരിയിലാണ്.
മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുംവ ലിയ ഒറ്റക്കക്ഷിയായ ടിവികെയെ ഗവർണർ ക്ഷണിക്കാൻ വൈകുന്നത് പരമാവധി ഉപയോഗപ്പെടുത്തണമെന്ന നിർദേശമാണ് ഡിഎംകെയിലെ രണ്ടാംനിര നേതാക്കൾ ഉയർത്തുന്നത്. എന്നാൽ അത് അപ്രായോഗികമാണെന്ന് പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പറഞ്ഞെങ്കിലും ഡിഎംകെയിലെ നേതാക്കൾ പിൻമാറിയിട്ടില്ല.
വിജയ് മുഖ്യമന്ത്രിയായാൽ 10-15 വർഷം ദ്രാവിഡകക്ഷികൾ അധികാരത്തിൽനിന്ന് പുറത്തുനിൽക്കേണ്ടിവരുമെന്നും അത് ആത്മഹത്യാപരമായിരിക്കുമെന്നുമാണ് അവരുടെ നിലപാട്. എം.കെ. സ്റ്റാലിൻ തെരഞ്ഞെടുപ്പിൽ തോറ്റ പശ്ചാത്തലത്തിൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്ക് മുഖ്യമന്ത്രിസ്ഥാനം നൽകാവുന്നതാണെന്ന് അവർ അഭിപ്രായപ്പെടുന്നു. ഭാവിമുഖ്യമന്ത്രിയെന്നു വിളിച്ചാണ് വ്യാഴാഴ്ച വൈകീട്ട് എടപ്പാടിയെ പാർട്ടി പ്രവർത്തകർ എതിരേറ്റത്.
അതേസമയം ഇന്നലെ എടപ്പാടി വൈകിട്ട് ഗവർണറെ കാണുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും കൂടിക്കാഴ്ചയുണ്ടായില്ല. പുതുച്ചേരിയിലെ റിസോർട്ടിൽ താമസിപ്പിച്ചിട്ടുള്ള നിയുക്ത എംഎൽഎമാരെ കാണാനാണ് അദ്ദേഹം പോയത്.
ഡിഎംകെ – അണ്ണാ ഡിഎംകെ സഖ്യനീക്കത്തെപ്പറ്റി ബുധനാഴ്ച രാത്രിതന്നെ അഭ്യൂഹങ്ങൾ പരന്നിരുന്നു. രാവിലെ ഇരുകക്ഷികളുടെയും നേതാക്കൾ അത് നിഷേധിച്ചു. എന്നാൽ, വൈകുന്നേരത്തോടെ ഇതുസംബന്ധിച്ച ചർച്ചകൾ വീണ്ടുമുയർന്നു. പുതിയ സഖ്യങ്ങളുടെ കാര്യത്തിൽ ഡിഎംകെയിൽ ചർച്ചയൊന്നും നടന്നിട്ടില്ലെന്നും പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിനാണ് ഏതുതീരുമാനവുമെടുക്കുക എന്നുമായിരുന്നു വക്താവ് ടി.കെ.എസ്. ഇളങ്കോവൻ ഇതേക്കുറിച്ചു പറഞ്ഞത്.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയ്ക്ക് 47 സീറ്റും ഡിഎംകെക്ക് 59 സീറ്റുമാണുള്ളത്. രണ്ടുപേരുംകൂടി ചേർന്നാൽ 106 സീറ്റേ ആവൂ. രണ്ടുമുന്നണിയിലെയും ഘടകകക്ഷികൾകൂടി ചേർന്നാലേ ഭൂരിപക്ഷമാകൂ. അവരുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാവും. ടിവികെയ്ക്കും കോൺഗ്രസിനും കൂടി 112 സീറ്റുണ്ട്.
അതിനിടെ ഡിഎംകെ- അണ്ണാ ഡിഎംകെ സഖ്യ സർക്കാരും സാധ്യമെന്ന് ടിവി ചാനലിനുനൽകിയ അഭിമുഖത്തിൽ ഗവർണർ ആർലേക്കർ പറഞ്ഞിരുന്നു. ഡിഎംകെ-അണ്ണാ ഡിഎംകെ സഖ്യസർക്കാർ വന്നാൽ മുഴുവൻ എംഎൽഎമാരെയും രാജിവെപ്പിക്കാൻ ടിവികെ ആലോചിക്കുന്നതായാണ് സൂചന.



















































