തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവി എപ്പോൾ വേണമെങ്കിലും ഒഴിയാൻ തയ്യാറാണെന്ന് മന്ത്രി സണ്ണി ജോസഫ്. രണ്ട് ചുമതലയും വഹിച്ചു പോകാനുള്ള പ്രയാസം നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. എപ്പോൾ മാറാൻ പറഞ്ഞാലും അപ്പോൾ മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് വളരെ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതുപോലെ സംസ്ഥാനത്ത് ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്നും അദ്ദേഹം പറഞ്ഞു. ഫുട്‌ബോൾ ആരാധകരുടെ പ്രയാസം മനസിലാക്കുന്നു. ഉഷ്ണതരംഗമാണ് പ്രശ്‌നം. വാങ്ങിയ വൈദ്യുതി മടക്കി നൽകേണ്ടതുണ്ട്. ഇതും പ്രതിസന്ധിയായി. ജലസംഭരണികളിൽ വെള്ളം കുറവുണ്ട്. വൈദ്യുതി ലഭ്യതക്കുറവുമുണ്ട്. പ്രതീക്ഷിച്ച പ്രതിസന്ധിയല്ലെന്നും മന്ത്രി പറഞ്ഞു. ഇത് സർക്കാരിന്റെ വീഴ്ച്ച അല്ല. രാജ്യത്തോട്ടാകെ മഴ കുറവുണ്ട്. കേരളത്തിലും മഴ കുറവാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
അതേസമയം വൈദ്യുത മീറ്റർ മാറ്റുന്നത് ബന്ധപ്പെട്ട് അദാനിയുമായി കരാറിൽ ചട്ട വിരുദ്ധമായി എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടനയുമായി ബന്ധപ്പെട്ട ചോദ്യത്തിൽ നിന്നും മന്ത്രി ഒഴിഞ്ഞുമാറി. അത് താൻ കഴിച്ചു നോക്കിയിട്ടില്ലെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.















































