നെടുങ്കണ്ടം: അമ്മയെയും മൂത്തസഹോദരനെയും കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ അറസ്റ്റിലായ ഇളയമകൻ സജി (43) യെ റിമാൻഡ് ചെയ്തു. തോട്ടുവാക്കട പൊന്നിട്ടയിൽ മേരി (71), മകൻ റെജി (54) എന്നിവരാണു കൊല്ലപ്പെട്ടത്. ഇരുവരെയും മർദിച്ചു കൊന്നശേഷം വീട്ടുമുറ്റത്തു കുഴിച്ചിട്ടെന്നാണു കേസ്. കഴിഞ്ഞ 4 നു രാത്രിയിൽ കൊലപാതകങ്ങൾ നടത്തിയെന്നാണു സജി മൊഴി നൽകി.
സജിയുടെ മൊഴി ഇങ്ങനെ: ‘രാത്രി ഏഴരയോടെ മദ്യപിച്ചു വീട്ടിലെത്തിയ സഹോദരൻ റെജിക്കു ചോറും ഇറച്ചിക്കറിയും വിളമ്പിക്കൊടുത്തു. ഇതിനിടെ റെജി ആഹാരം തന്റെ മുഖത്തേക്കു തട്ടിത്തെറിപ്പിച്ചു. ഇതിൽ പ്രകോപിതനായി റെജിയെ ആക്രമിച്ചു. ആദ്യം കൈകൊണ്ട് അടിച്ചു. പിന്നാലെ ഷൂസ് കൊണ്ട് കഴുത്തിൽ ചവിട്ടി ഞെരിച്ചു. ഇതിനിടെ തടസം പിടിക്കാനെത്തിയ അമ്മ മേരിയെ മർദിച്ച ശേഷം പിടിച്ചുതള്ളി. തറയിൽ തലയിടിച്ചു വീണ മേരി മരിച്ചു. അടിയേറ്റു നിലത്തുകിടക്കുകയായിരുന്ന റെജി ഞരങ്ങുന്ന ശബ്ദംകേട്ട് തോർത്തുകൊണ്ട് റെജിയുടെ കഴുത്തിൽ കെട്ടിമുറുക്കി.
ആ രാത്രി ഹാളിലെ കട്ടിലിനടിയിൽ മൃതദേഹങ്ങൾ വച്ചു. പിറ്റേന്നു രാവിലെ മൃതദേഹങ്ങൾ തണൽ വലയിൽ മൂടി വീടിനു പിന്നിലെ ചായ്പിലേക്കു മാറ്റി. കയ്യിലെ പരുക്ക് ചികിത്സിക്കാൻ നെടുങ്കണ്ടത്തേക്കു പോയി. പിറ്റേന്നു മൃതദേഹത്തിൽനിന്നു ദുർഗന്ധം ഉയർന്നതിനെത്തുടർന്ന്, വീടിനോടു ചേർന്നു പട്ടിക്കൂടിനു സമീപം നട്ടിരുന്ന ഏലച്ചെടി മാറ്റി അവിടെ ഒന്നരയടി താഴ്ചയുള്ള കുഴിയെടുത്തു മറവുചെയ്തു. രക്തം പുരണ്ട വസ്ത്രങ്ങൾ കത്തിച്ചു. പിന്നീടു പതിവുപോലെ ജോലിക്കായി പോയി.’



















































