തിരുവനന്തപുരം: അരുവിക്കര പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ മദ്യപിച്ചെന്ന ആരോപണത്തെ തുടർന്ന് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. റൂറൽ എസ്.പി. പ്രശാന്തൻ കാണിയുടെ മിന്നൽ പരിശോധനയ്ക്കിടെയാണ് പോലീസുകാരുടെ മദ്യപാനം ശ്രദ്ധയിൽപ്പെട്ടത്. ഡ്യൂട്ടിയിൽ ഗുരുതര വീഴ്ച വരുത്തിയതിനാണ് അച്ചടക്ക നടപടി.
അരുവിക്കര സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ അച്ചു ശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഞായറാഴ്ച സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെയാണ് സംഭവം.
ഓണാഘോഷത്തിൽ പങ്കെടുത്തിരുന്ന പോലീസുകാർക്കിടയിലേക്ക് അപ്രതീക്ഷിതമായാണ് റൂറൽ ജില്ലാ പോലീസ് മേധാവി പ്രശാന്തൻ കാണി എത്തിയത്. എസ്.പി.യെ കണ്ടതോടെ മദ്യലഹരിയിലായിരുന്ന പോലീസുകാർ പരിഭ്രാന്തരായെന്നാണ് വിവരം. മേലുദ്യോഗസ്ഥനെ കണ്ടിട്ടും സല്യൂട്ട് ചെയ്യാൻ പോലും മറന്നതോടെ എസ്.പിക്ക് സംശയം തോന്നുകയായിരുന്നു.
പോലീസുകാരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എസ്.പി. ഇവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മദ്യപിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു പോലീസുകാരുടെ മറുപടി. ഇതിനിടെ മൂന്നുപേരിൽ ഒരാൾ സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടുകയും ചെയ്തു.
സംഭവത്തിൽ മദ്യപിച്ചെന്ന സംശയം ഉണ്ടായിരുന്നെങ്കിലും മറ്റ് കേസുകളൊന്നും ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയില്ല. എന്നാൽ മദ്യപിച്ച് ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേർക്കുമെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെ പോലീസ് ഉദ്യോഗസ്ഥർ അച്ചടക്കലംഘനം നടത്തിയതും ഡ്യൂട്ടി സംബന്ധമായ ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയതുമാണ് അന്വേഷണത്തിൽ പരിശോധിക്കുക.
സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ നടന്ന സംഭവം പോലീസ് സേനയ്ക്കുള്ളിൽ വലിയ ചർച്ചയായിരിക്കുകയാണ്. മേലുദ്യോഗസ്ഥന്റെ അപ്രതീക്ഷിത പരിശോധനയാണ് സംഭവത്തിൽ അച്ചടക്ക നടപടി ഉടൻ ഉണ്ടാകാൻ കാരണമായത്.






