നെന്മാറ ഇരട്ടക്കൊലപാതകത്തിനുശേഷം മുങ്ങിയ ചെന്താമര ചില്ലറയൊന്നുമല്ല അന്വേഷണ സംഘത്തെ വലച്ചത്. ഇയാൾക്കായി കുളം, കിണർ, വെള്ളക്കെട്ടുകൾ, പാറമടകൾ, വനം തുടങ്ങി എല്ലായിടത്തും തിരച്ചിൽ നടത്തി. കൂടാകെ തമിഴ്നാട്ടിലും ഇയാൾ ജോലി ചെയ്ത മറ്റിടങ്ങളിലുമെല്ലാം പോലീസ്പരിശോധന നടത്തി.
തണ്ടർബോൾട്ട് ഉൾപ്പെടെ നൂറിലേറെ പേർ വരുന്ന സംഘമാണ് ചെന്താമരയ്ക്കായി തിരച്ചിൽ നടത്തിയത്. കൊല്ലങ്കോട്ടുനിന്ന് അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം തിരുത്തംപാടം മേഖലയിലെ കുളം, പുഴ, വെള്ളക്കെട്ടുകൾ, പാറമടകൾ എന്നിവ പരിശോധിച്ചു. ചെന്താമരയുടെ മുറിയിൽനിന്നു വിഷക്കുപ്പി കണ്ടെടുത്ത പശ്ചാത്തലത്തിൽ ഇയാൾ വിഷം കഴിച്ചു വെള്ളത്തിൽ ചാടിയിരിക്കുമെന്ന നിഗമനത്തിലായിരുന്നു പരിശോധന നടത്തിയത്. അതോടൊപ്പം പോത്തുണ്ടി വനമേഖലയിലും സംഘം തിരച്ചിൽ നടത്തി.
ഡോഗ് സ്ക്വാഡ് സൂചന നൽകിയ അയ്യപ്പൻകുന്ന് വനമേഖലയിൽ ഉൾപ്പെടെ തണ്ടർബോൾട്ട് നാലു സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തിയത്. 2019 ഓഗസ്റ്റ് 31ന് സജിതയെ കൊലപ്പെടുത്തിയതിനു ശേഷം വനമേഖലയിലേക്കു കടന്ന ഇയാളെ സെപ്റ്റംബർ ഒന്നിനു പിടികൂടിയിരുന്നു. വനത്തിൽ ഒളിച്ചിരുന്ന പ്രതിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയതോടെ കാടിറങ്ങാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ അന്നു പിടിയിലായത്. സജിതയുടെ കൊലപാതകം നടത്തിയ ചെന്താമര ഒളിച്ചിരുന്ന നെല്ലിയാമ്പതിയിലെ പാറക്കുന്നിലെ ഗുഹയിലും ചൊവ്വാഴ്ച തിരച്ചിൽ നടത്തി.
ഇരട്ടക്കൊലയ്ക്കു ശേഷം തിങ്കളാഴ്ച രാവിലെയും ചൊവ്വാഴ്ച പകലും പോലീസ് പലയിടത്തും തിരഞ്ഞു. ഇന്നലെ രാത്രിയിലെ തിരച്ചിൽ അതിസാഹസികമായിരുന്നു. നൂറിലധികം പോലീസും നാട്ടുകാരുമാണ് തിരച്ചിലിൽ പങ്കെടുത്തത്. ചെന്താമരയെ പലയിടത്തും കണ്ടതായി വിവരം ലഭിച്ചതോടെ ആ ഭാഗത്തെല്ലാം പൊലീസ് അന്വേഷിച്ചു. ചെന്താമരയുമായി മുഖസാദൃശ്യമുള്ള ഒരാൾ നെന്മാറയിൽനിന്നു ബസിൽ കയറുന്നതായി വാർത്ത പ്രചരിച്ചിരുന്നു. ഇയാളെ പാലക്കാട് കോട്ടമൈതാനത്തു കണ്ടുവെന്നും ചിലർ പറഞ്ഞു. ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.
കൂടാതെ പ്രതിനേരത്തേ ജോലി ചെയ്ത കോഴിക്കോട് തിരുവമ്പാടിയിലും പോലീസ് തിരച്ചിൽ നടത്തി. ഇതിനിടെ, ചെന്താമരയുടെ ഫോൺ തിരുവമ്പാടിയിൽ സ്വിച്ച് ഓൺ ആയെന്നു സൈബർ സെൽ കണ്ടെത്തി. പോലീസ് ലൊക്കേഷൻ കണ്ടെത്തി അവിടെയെത്തിയെങ്കിലും ചെന്താമരയുടെ പഴയ സഹപ്രവർത്തകനാണ് ഈ സിം ഉപയോഗിക്കുന്നതെന്നു കണ്ടെത്തി. തിരുവമ്പാടി എസ്റ്റേറ്റിൽ ചെന്താമര നേരത്തേ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്നു. അന്ന് ഒപ്പം ജോലി ചെയ്ത ആളാണ് ഇയാൾ.
തമിഴ്നാട്ടിലെ തിരുപ്പൂർ, പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലും ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ചെന്താമര ഒന്നിലധികം സിം കാർഡുകൾ ഉപയോഗിക്കുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയുടേതെന്നു കരുതുന്ന മൊബൈൽ ഫോൺ നാട്ടുകാരുടെ തിരച്ചിലിൽ പാടത്തുനിന്നു കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിൽ നിന്നു സിം കാർഡും ബാറ്ററിയും മാറ്റിയ നിലയിലായിരുന്നു.
അതേസമയം ചെന്താമര പിടിയിലായതോടെ പ്രതിഷേധവുമായി സ്റ്റേഷൻ പരിസരത്തു തമ്പടിച്ച നാട്ടുകാർക്കിടയിലൂടെ പ്രതിയെ രാത്രി സ്റ്റേഷനിലെത്തിക്കാനും പോലീസ് ഏറെ പ്രയാസപ്പെട്ടു. രോഷാകുലരായ നാട്ടുകാർ പ്രതിയെ ആക്രമിക്കാൻ ശ്രമിച്ചതോടെ ഏറെ സാഹസികമായാണു പ്രതിയെ സ്റ്റേഷനിലേക്കു കയറ്റിയത്. ഒരു പതർച്ചയുമില്ലാതെയാണ് പ്രതി മൊഴി നൽകിയത്. സ്റ്റേഷൻ വളപ്പിനകത്ത് പോലീസും കോൺഗ്രസ് നേതാക്കളുമായി തർക്കം നടന്നു.