ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ് 3.30നാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. റഷ്യ–യുക്രൈൻ സംഘർഷം, ഇന്ധന ഇറക്കുമതി, ആണവോർജ മേഖലയിലെ സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും.
ഇന്ത്യയ്ക്ക് കൂടുതൽ രാസവളവും ക്രൂഡ് ഓയിലും നൽകാൻ റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇക്കാര്യം മോദി–പുടിൻ ചർച്ചയിലും ഉയർന്നുവരുമെന്നാണ് സൂചന. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഊർജ സഹകരണം കൂടുതൽ ശക്തമാക്കുന്നതും ചർച്ചയാകാൻ സാധ്യതയുണ്ട്.
ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകിട്ട് 6.15നാണ് കൂടിക്കാഴ്ച. ഉച്ചയ്ക്ക് രണ്ടുമണിയോടെ പെസഷ്കിയാൻ ഡൽഹിയിലെത്തും.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൂടിക്കാഴ്ച നടത്തും. വൈകിട്ട് 5.45നാണ് കൂടിക്കാഴ്ച. നാളെ ഉച്ചയ്ക്ക് 12.25ന് ഷി ജിൻപിങ് ഡൽഹിയിലെത്തും.
ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക സഹകരണവും പ്രധാന ചർച്ചയാകുമെന്നാണ് സൂചന. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യും. ഇന്ത്യൻ വ്യവസായികൾക്കും കമ്പനി ഉദ്യോഗസ്ഥർക്കും ചൈനീസ് വിസ ലഭിക്കുന്നതിലെ നിയന്ത്രണവും ചർച്ചയിൽ ഉയർന്നേക്കും. അതേസമയം, ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനുള്ള തടസ്സങ്ങൾ നീക്കണമെന്ന ആവശ്യം ചൈന മുന്നോട്ടുവയ്ക്കുമെന്നാണ് റിപ്പോർട്ട്.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ തുടങ്ങിയവരും ഇന്ന് ഡൽഹിയിലെത്തും.
18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ശനിയാഴ്ച ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കമാകും. ഇരുപതിലധികം ലോകനേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഉച്ചകോടി റിപ്പോർട്ട് ചെയ്യുന്നതിനായി അറുനൂറിലധികം വിദേശ മാധ്യമപ്രവർത്തകരും ഡൽഹിയിലെത്തുന്നുണ്ട്.
‘പ്രതിരോധം, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി ഒരുമിക്കാം’ എന്നതാണ് ഈ വർഷത്തെ ബ്രിക്സ് ഉച്ചകോടിയുടെ ഔദ്യോഗിക മുദ്രാവാക്യം. അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും.
ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് നേതാക്കൾക്ക് അത്താഴവിരുന്ന് നൽകും. ഭാരത് മണ്ഡപം പരിസരത്ത് നേതാക്കൾ ഒന്നിച്ച് മരം നടുകയും ‘ഭാരത് ഇന്നൊവേറ്റ്സ്’ പ്രദർശനം സന്ദർശിക്കുകയും ചെയ്യും.
ഞായറാഴ്ച അംഗരാജ്യങ്ങളുടെയും പങ്കാളി രാജ്യങ്ങളുടെയും സംയുക്ത സെഷൻ നടക്കും. ഇതോടെ ഉച്ചകോടി ഞായറാഴ്ച ഉച്ചയോടെ സമാപിക്കും.






