കോട്ടയം: ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. കുട്ടിയുമായും കുടുംബാംഗങ്ങളുമായും അദ്ദേഹം സംസാരിച്ചു.
കുട്ടിക്ക് ഇപ്പോഴും വേദനയുണ്ടെങ്കിലും ആരോഗ്യനില മെച്ചപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്ന് സന്ദർശനത്തിനുശേഷം മാധ്യമങ്ങളോട് പിണറായി വിജയൻ പറഞ്ഞു. കുട്ടിക്ക് മികച്ച ചികിത്സ ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവം അതീവ ദൗർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വന്യജീവി ആക്രമണങ്ങൾ തടയാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വന്യജീവി പ്രശ്നത്തിൽ ഫലപ്രദമായ ഇടപെടലുകൾ അനിവാര്യമാണെന്നും മുൻ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികൾക്ക് തുടർച്ച നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ ശക്തമാക്കേണ്ടതുണ്ടെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സർക്കാർ മാറിയത് ആന അറിഞ്ഞില്ല എന്ന് പറയുന്നത് ഒന്നിനും മറുപടിയല്ലെന്നും അദ്ദേഹം വിമർശിച്ചു.

















































