തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾഉപയോഗിച്ചിരുന്ന ഔദ്യോഗിക ഫോൺ നമ്പർ കട്ട് ചെയ്ത് പൊതുഭരണ വകുപ്പ്. ഇതുവരെയുള്ള കുടിശിക തീർത്ത് കട്ടാക്കുകുകയായിരുന്നു. ഔദ്യോഗികമായി അനുവദിച്ച നമ്പറുകൾ പദവി ഒഴിയുമ്പോൾ തിരിച്ചേൽപിക്കേണ്ടതാണ്. പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെ പഴ്സനൽ സ്റ്റാഫിലുള്ളവർ നമ്പർ തിരിച്ചേൽപിച്ചിരുന്നെങ്കിലും പഴയ നമ്പർ പിണറായി ഉപയോഗിച്ചു പോന്നു. പ്രതിപക്ഷ നേതാവിനുള്ള പുതിയ നമ്പർ ഉടൻ അനുവദിക്കും.
അതേസമയം, മുഖ്യമന്ത്രിപദവി മാറി പ്രതിപക്ഷനേതാവായതോടെ പിണറായി വിജയൻ കാറിന്റെ നിറവും മാറ്റുകയാണ്. ഔദ്യോഗിക വാഹനമായി 2022 ജനുവരി മുതൽ കറുത്ത കാർ ഉപയോഗിച്ചിരുന്ന പിണറായി, പ്രതിപക്ഷനേതാവെന്ന നിലയിൽ ഉപയോഗിക്കുക വെള്ള ഇന്നോവ ക്രിസ്റ്റ കാർ. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന കാറാണിത്. ‘99’ എന്ന നമ്പറും സർക്കാരിനോടു ചോദിച്ചിട്ടുണ്ട്. എകെജി സെന്ററിലെ കാറിലാണ് നിലവിൽ പിണറായിയുടെ യാത്ര.
2022ൽ അന്നത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉപദേശപ്രകാരമാണ് പിണറായി കറുത്ത കാറിലേക്കു മാറിയത്. രാത്രിയിലുള്ള ആക്രമണവും മറ്റും തടയാൻ ഉപകരിക്കുമെന്നും കൂടുതൽ സുരക്ഷിതമെന്നുമായിരുന്നു വാദം. സുരക്ഷാ ജീവനക്കാരുടെ കാറുകളും പിന്നീടു കറുപ്പിലേക്കു മാറി. മുഖ്യമന്ത്രി വി.ഡി.സതീശൻ ഒരാഴ്ചയ്ക്കുള്ളിൽ കന്റോൺമെന്റ് ഹൗസിൽനിന്നു ക്ലിഫ് ഹൗസിലേക്കു താമസം മാറിയേക്കും. ഇതിനുശേഷം കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ കൂടി കഴിഞ്ഞാകും പിണറായി ഇവിടേക്കു മാറുക.
















































