പത്തനംതിട്ട: പത്തനംതിട്ടയിൽ സഹപാഠികൾ അടക്കം പീഡിപ്പിച്ചെന്ന പരാതിയിൽ പെൺകുട്ടി വ്യക്തിവൈരാഗ്യം തീർത്തതെന്ന നിഗമനം. കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് വൈദ്യപരിശോധനഫലം. കൂടാതെ പെൺകുട്ടിക്ക് മർദ്ദനമേറ്റതിനും തെളിവില്ല. പിന്നാലെ ചോദ്യം ചെയ്ത സഹപാഠികളെ പോലീസ് വിട്ടയച്ചു.
അതേസമയം സിഡബ്ല്യൂസി സംരക്ഷണയിലുള്ള പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. വ്യക്തിവിരോധത്താൽ ആവാം പെൺകുട്ടി സഹപാഠികൾക്കെതിരെ ആരോപണം ഉന്നയിച്ചതെന്നാണ് പോലീസിൻറെ നിഗമനം. സ്‌കൂളിലെ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥി പീഡനം നേരിട്ടതായി വെളിപ്പെടുത്തിയത്. സ്‌കൂളിന് സമീപത്തും മറ്റൊരു പെൺകുട്ടിയുടെ വീട്ടിൽ വെച്ചും പീഡിപ്പിച്ചെന്നുമായിരുന്നു പെൺകുട്ടിയുടെ ആരോപണം. തുടർന്ന് സ്‌കൂൾ അധികൃതർ പോലീസിനെയും ശിശുക്ഷേമ സമിതിയെയും വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ഒരു പെൺകുട്ടി ഉൾപ്പെടെ ആറുപേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
നിലവിൽ പെൺകുട്ടി സിഡബ്ല്യൂസി സംരക്ഷണത്തിലാണ്. ബാലാവകാശ കമ്മീഷനും സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാറാണ് സ്വമേധയാ കേസെടുത്തത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.
















































