ഇനി മുംബൈ ഇന്ത്യൻസിനൊരു ജയം അപ്രാപ്യമോ?… സൺറൈസേഴ്സ് ഹൈദരാബാദിന് മുന്നിൽ നീലപ്പട വച്ച 243 റൺസ് വിജയ ലക്ഷ്യം അനായാസം മറികടന്ന് ആറ് വിക്കറ്റിന്റെ ജയവുമായി എസ്ആർഎച്ച്. മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 243 റൺസ് വിജയലക്‌ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നു.
ഹൈദരാബാദിനായി ട്രാവിസ് ഹെഡ് 76 റൺസും ഹെൻഡ്രിച്ച് ക്ലാസൻ 65 റൺസും അഭിഷേക് ശർമ 45 റൺസും സാലിൽ അറോറ 30 റൺസും നിതീഷ് കുമാർ റെഡ്‌ഡി 21 റൺസും നേടി. മുംബൈയ്ക്ക് വേണ്ടി അല്ലാഹ് ഗസൻഫർ രണ്ട് വിക്കറ്റ് നേടി.
അതേസമയം മുംബൈ, വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ ആതിഥേയർക്ക് വേണ്ടി റയാൻ റിക്കിൾട്ടൺ (55 പന്തിൽ പുറത്താവാതെ 123) സെഞ്ചുറി നേടിയത്. രോഹിത് ശർമയുടെ അഭാവത്തിൽ ഓപ്പണറായെത്തിയ വിൽ ജാക്ക്‌സും (22 പന്തിൽ 46) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
മുംബൈയ്ക്കു തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ റിക്കിൾട്ടൺ – ജാക്ക് സഖ്യം നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 93 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എട്ടാം ഓവറിൽ ജാക്ക്‌സിനെ പുറത്താക്കി നിതീഷ് കുമാർ റെഡ്ഡിയാണ് ഹൈദാരബാദിന് ബ്രേക്ക് ത്രൂ നൽകിയത്. തുടർന്നെത്തിയ സൂര്യകുമാർ യാദവിന് (5) കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇഷാൻ മലിംഗയ്ക്കായിരുന്നു വിക്കറ്റ്. നാലാമനായി എത്തിയ നമൻ ധിർ 17 പന്തിൽ 22 റൺസുമായി മടങ്ങി. ധിർ, റിക്കിൾട്ടണിനൊപ്പം 55 റൺസ് കൂട്ടിചേർത്തിരുന്നു.
ഇതിനിടെ റിക്കിൾട്ടൺ സെഞ്ചുറിയും പൂർത്തിയാക്കി. 44 പന്തിൽ നിന്നാണ് താരം 100 തികച്ചത്. മുംബൈക്ക് വേണ്ടി ഏറ്റവും വേഗത്തിലുള്ള സെഞ്ചുറിയാണ് റിക്കിൾട്ടൺ പൂർത്തിയാക്കിയത്. അധികം വൈകാതെ ഹാർദിക് (15 പന്തിൽ 31) പുറത്തായി. റിക്കിൾട്ടണിനൊപ്പം 56 റൺസ് ചേർത്തതിന് ശേഷമാണ് ഹാർദിക് മടങ്ങിയത്. തുടർന്നെത്തിയ തിലക് വർമ (7) അവസാന ഓവറിൽ പുറത്തായി. അവസാന രണ്ട് പന്തുകളിൽ സിക്‌സും ഫോറും പറത്തി റിക്കിൾട്ടൺ മുംബൈയെ 240 കടത്തി. 55 പന്തുകൾ നേരിട്ട റിക്കിൾട്ടൺ എട്ട് സിക്‌സും 10 ഫോറും നേടി.


















































