സുൽത്താൻപൂർ (ഉത്തർ പ്രദേശ്): വിവാഹ ഘോഷയാത്രയിലെ ഡിജെ ശബ്ദം കേട്ട് തന്റെ ഫാമിലെ 140 കോഴികൾ ചത്തെന്നാരോപിച്ച് കോഴിഫാം ഉടമ പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
ഏപ്രിൽ 25-നായിരുന്നു സംഭവം. സുൽത്താൻപൂർ ജില്ലയിലെ ഒരു ഗ്രാമത്തിലൂടെ പ്രാദേശികനായ ബബ്ബൻ വിശ്വകർമയുടെ മകളുടെ വിവാഹ ഘോഷയാത്ര കടന്നുപോകുന്നതിനിടെ ഡിജെ സംഗീതം ഉയർന്ന ശബ്ദത്തിൽ മുഴങ്ങിയിരുന്നു. കുട്വാർ മേഖലയിലെ റാം ഭദ്ര പൂർവയിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്.
സബിർ അലി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിനോട് ചേർന്ന വഴിയിലൂടെ രാത്രി ഏകദേശം 9.30ഓടെ ഘോഷയാത്ര കടന്നുപോയതായി പരാതിയിൽ പറയുന്നു. ഡിജെയുടെ അതിശക്തമായ ശബ്ദം കേട്ട് കോഴികൾ ഭീതിയിലായി. ശബ്ദം അത് സഹിക്കാൻ കഴിയാതെ ഒന്നൊന്നായി 140 കോഴികൾ പിടഞ്ഞു ചത്തതായി സബിർ അലി പരാതിയിൽ വ്യക്തമാക്കി.
ഡിജെയിലെ ഉയർന്ന ഡെസിബൽ ശബ്ദം മൂലം കോഴികൾക്ക് അമിതസമ്മർദ്ദം ഉണ്ടായതും, അതിന്റെ ഫലമായി കോഴികൾ ചത്തതെന്നും ഇയാൾ ആരോപിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ പാർസിപുരിലെ ഡിജെ ഓപ്പറേറ്ററായ കവി യാദവിനെതിരെ പോലീസ് കേസെടുത്തു. സംഭവസമയത്ത് ശബ്ദപരിധി ലംഘിച്ചോയെന്ന കാര്യവും, ശബ്ദതീവ്രത കോഴികളുടെ മരണത്തിന് കാരണമായോയെന്നും പോലീസ് അന്വേഷിക്കുന്നു. സംഭവത്തിൽ ഡിജെ സംഘത്തെയോ, വിവാഹം നടത്തിയ കുടുംബത്തെയോ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. അതേസമയം വിദഗ്ധരുടെ അഭിപ്രായത്തിൽ, അത്യുച്ചത്തിലുള്ള ശബ്ദതരംഗങ്ങൾ പക്ഷികളിലും മൃഗങ്ങളിലുമുള്ള ഗുരുതര സമ്മർദ്ദ പ്രതികരണങ്ങൾക്കും, ചിലപ്പോൾ ഹൃദയാഘാതത്തിനും കാരണമാകാം.





