തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ യുഎസ് സന്ദർശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ കുറിപ്പിട്ട സി.പി.എം നേതാവ് കെ.എസ്. അരുൺകുമാറിനെതിരെ കേസെടുത്തിൽ യു.ഡി.എഫ് സർക്കാറിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനാധിപത്യപരമായ വിമർശനങ്ങളെയും ചോദ്യങ്ങളെയും അധികാരത്തിന്‍റെ മർക്കടമുഷ്ടി കൊണ്ടു നേരിടാമെന്ന ഏകാധിപത്യ സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് പിണറായി വിജയൻ ഫേസ്ബുക്കിൽ വിമർശിച്ചു.
സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ വിദേശയാത്രയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമത്തിൽ പ്രസക്തമായ ചില ചോദ്യങ്ങൾ ഉന്നയിച്ചതിന്റെ പേരിലാണ് സഖാവ് കെ.എസ്. അരുൺകുമാറിനെതിരെ ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്. തീർത്തും ജനാധിപത്യ വിരുദ്ധമായ ഈ നടപടിയിൽ വിമർശനങ്ങളോടുള്ള സർക്കാറിന്‍റെ അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ് പ്രതിഫലിക്കുന്നതെന്നും കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. ആഭ്യന്തര മന്ത്രിക്കെതിരെ പോലുമല്ല, മറിച്ച്, ഈ വിഷയത്തിലെ മാധ്യമസമീപനത്തെ കുറിച്ചാണ് അരുൺകുമാർ പ്രതികരിച്ചത്. രാഷ്ട്രീയ വിമർശനങ്ങളെ പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്.
ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം. അരുൺകുമാറിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ഈ കടന്നുകയറ്റത്തിനും ജനാധിപത്യ ധ്വംസനത്തിനുമെതിരെ പൊതുസമൂഹത്തിൽനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും പിണറായി ആവശ്യപ്പെട്ടു. കെ.എസ്. അരുൺകുമാർ ഉൾപ്പെടെ നാലു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.എസ്. സുബിജ നൽകിയ പരാതിയിലാണ് തിരുവനന്തപുരം സൈബർ ക്രൈം പൊലീസിന്റെ നടപടി.




