ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും ഇന്ദ്രപ്രസ്ഥം കലുഷിതം. ഇന്ന് വോട്ട് കവർച്ചയും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ മൂന്ന് ബസുകളിലായി ജന്തർ മന്തറിലേക്ക് നീങ്ങിയെങ്കിലും വഴിമധ്യേ പോലീസ് തടഞ്ഞതോടെ തലസ്ഥാനം അക്ഷരാർത്ഥത്തിൽ പ്രതിഷേധ കലുഷിതമായി. പിന്നാലെ പ്രവർത്തകരും പോലീസും തമ്മിലുള്ള സംഘർഷത്തിലേക്ക് നീങ്ങി. ഇതിനിടെ പ്രിയങ്ക ഗാന്ധി റോഡിൽ കിടന്ന് പ്രതിഷേധിച്ചു. നിരവധി പ്രവർത്തകരെ പോലീസ് നീക്കം ചെയ്തു. തുടർന്ന് രാഹുലിനെയും പിന്നീട് പ്രിയങ്കയെയും അറസ്റ്റ് ചെയ്ത് നീക്കി. രാഹുൽ ഗാന്ധിയെ ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. അർദ്ധസൈനിക വിഭാഗങ്ങളെയടക്കം വിന്യസിച്ച് വൻ സുരക്ഷാ സന്നാഹങ്ങളാണ് തലസ്ഥാന നഗരിയിൽ പ്രതിപക്ഷത്തിനെതിരെ അണിനിരത്തിയിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കമുള്ള നേതാക്കളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നിലവിൽ എല്ലാവരെയും അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുമായി കൂടിക്കാഴ്ച നടത്തുന്നതിന് എട്ട് മണിക്കൂർ നീണ്ട ധർണ്ണയ്ക്ക് ശേഷമാണ് രാഹുൽ പ്രതിപക്ഷ എംപിമാർക്കൊപ്പം ജന്തർ മന്തറിൽ കുത്തിയിരിപ്പ് സമരത്തിലേക്ക് നീങ്ങിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ എംപിമാർക്കായി ഒരുക്കിയ ഐക്യദാർഢ്യ ലഞ്ചിന് ശേഷമാണ് ഈ അപ്രതീക്ഷിത നീക്കം ഉണ്ടായത്. ജൻപഥിൽ നിന്ന് ജന്തർ മന്തറിലേക്ക് എംപിമാർ ബസുകളിലാണ് നീങ്ങിയത്, ചിലർ ത്രിവർണ്ണ പതാകയേന്തി ബസിന്റെ മുകളിൽ കയറി നിന്നു. നൂറുകണക്കിന് അണികളും എംപിമാരെ അനുഗമിച്ചു.
പക്ഷെ ജന്തർ മന്തറിന് ഏകദേശം ഒരു കിലോമീറ്റർമാത്രം അകലെയുള്ള ഷാംഗ്രി-ലാ ഹോട്ടലിന് സമീപം അശോക റോഡിൽ സുരക്ഷാ വലയം തീർത്ത് പോലീസ് ബസുകൾ തടഞ്ഞു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഐ-എം, സിപിഐ, ആർജെഡി, ലീഗ് തുടങ്ങിയ പാർട്ടികളുടെ എംപിമാർ സമരരംഗത്തുണ്ട്. എന്നാൽ സമാജ്വാദി പാർട്ടി എംപിമാർ പങ്കെടുത്തില്ല. ഗ്യാനേഷ് കുമാർ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുപ്പ് കമ്മിഷണറല്ലെന്ന് രാജ്യത്തോട് വിളിച്ചുപറയുമെന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രാഹുൽ പറഞ്ഞു.
അതേസമയം പ്രതിപക്ഷ നിരയിലെ ചില പാർട്ടികൾ ലഞ്ചിലും സമരത്തിലും പങ്കെടുക്കാത്തതിൽ വിശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തി. ഉച്ചഭക്ഷണ യോഗത്തിലാണ് സമര പദ്ധതി തീരുമാനിച്ചതെന്നായിരുന്നു കോൺഗ്രസ് വക്താവ് ജയ്റാം രമേശിന്റെ വിശദീകരണം.
‘ഇന്ന് നടന്ന ഉച്ചഭക്ഷണ വിരുന്നിലേക്ക് ‘ഇന്ത്യ’ (INDIA) സഖ്യത്തിലെ എല്ലാ കക്ഷികളെയും ക്ഷണിച്ചിരുന്നു. എന്നാൽ, ഈ വിരുന്ന് സംബന്ധിച്ച തീരുമാനം ഇന്നലെ രാത്രി വൈകിയാണ് എടുത്തത്; അതേസമയം തന്നെയാണ് ഇക്കാര്യം അറിയിച്ചതും. അതിനാൽ, ചില കക്ഷികളുടെ പ്രതിനിധികൾക്ക് ഇതിൽ പങ്കെടുക്കാൻ കഴിയാതെ പോയത് സ്വാഭാവികമാണ്’ ഇതുസംബന്ധിച്ചുള്ള മാധ്യമവാർത്തകളെ പ്രതിരോധിച്ച് ജയ്റാം രമേശ് എക്സിൽ കുറിച്ചു. അതേസമയം ഡൽഹിയിലുള്ള മുഖ്യമന്ത്രി വി.ഡി. സതീശനും സമരമുഖത്തേക്കെത്തിയിട്ടുണ്ട്. കേരള ഹൗസിൽനിന്ന് നടന്നാണ് മുഖ്യമന്ത്രി പ്രതിഷേധത്തിലേക്കെത്തിയത്.




