ജയ്പൂര്‍: രാജസ്ഥാനിലെ കോച്ചിങ് ഹബ്ബായ കോട്ടയിൽ വീണ്ടും വിദ്യാർഥിനിയുടെ ആത്മഹത്യ. നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന മധ്യപ്രദേശ് സ്വദേശിനിയായ ഖുശ്ബു പട്ടേൽ (20) ആണ് വാടക ഫ്ലാറ്റിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ചത്. മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കായി രണ്ടാം തവണയാണ് ഖുശ്ബു തയാറെടുത്തിരുന്നത്. കഴിഞ്ഞ തവണ നീറ്റ് പരീക്ഷയിൽ 450 മാർക്ക് ആയിരുന്നു ലഭിച്ചത്.
ഇതിൽ കടുത്ത മാനസിക വിഷമത്തിലായിരുന്നു ഖുശ്ബു എന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തു നിന്നും ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. കോട്ടയിൽ ജെഇഇ പരീക്ഷയ്ക്കായി തയാറെടുക്കുന്ന ഖുശ്ബുവിന്റെ സഹോദരി ഖുഷി പട്ടേൽ രാത്രി 9 മണിയോടെ ക്ലാസ് കഴിഞ്ഞ് ഫ്ലാറ്റിൽ തിരിച്ചെത്തിയപ്പോഴാണ് വാതിൽ ഉള്ളിൽ നിന്നും പൂട്ടിയ നിലയിൽ കണ്ടത്.
പലതവണ മുട്ടിയിട്ടും പ്രതികരണമില്ലാതായതോടെ സുരക്ഷാ ജീവനക്കാരുടെയും അയൽക്കാരുടെയും സഹായത്തോടെ പൂട്ടുപൊളിച്ച് അകത്തുകയറിയപ്പോഴാണ് ഖുശ്ബുവിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.






