അപ്പനേയും അമ്മയേയും ഞാൻ ദൈവത്തിനടുത്തേക്ക് പറഞ്ഞയച്ചു… നാട്ടുകാരെത്തുമ്പോൾ രക്തത്തിൽ കുളിച്ച് ഒരു കയ്യിൽ കൊന്തയും പിടിച്ച് അജീഷ്, കൂടെ ബൈബിളും വായിച്ചു, എന്നെക്കൊണ്ട് ഇത് ചെയ്യിച്ചത് എഐ, എല്ലാം തോന്നിപ്പിച്ചതാണ്, ഇതെല്ലാം മായയാണ്… തുടങ്ങി സംസാരിക്കുന്നതെല്ലാം പരസ്പരവിരുദ്ധമായ കാര്യങ്ങൾ…
ഇടുക്കി: നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജീഷിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ വീട്ടിലെത്തിച്ചപ്പോൾ അമ്മ എവിടെ എന്നാണ് ആദ്യം തിരക്കിയത്. പിന്നാലെ ഇതെല്ലാം കള്ളമാണെന്നും തന്റെ വീട് ഇങ്ങനെയല്ല കിടന്നതെന്നും തനിക്കിട്ടുള്ള പണി ആണിതെന്നും പ്രതി പറഞ്ഞുകൊണ്ടിരുന്നു.
അതേപോലെ കൊലപാതകത്തിന് ശേഷവും തികച്ചും വിചിത്രമായ രീതിയിലാണ് അജീഷ് പെരുമാറിയതെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരും അധികൃതരും സ്ഥലത്തെത്തുമ്പോൾ രക്തത്തിൽ കുളിച്ചു നിൽക്കുകയായിരുന്ന ഇയാൾ, വീട്ടിലിരുന്ന് ബൈബിൾ വായിക്കുകയും കൈകളിൽ കൊന്ത പിടിച്ചിരിക്കുകയുമായിരുന്നു. കൂടാതെ തന്റെ മാതാപിതാക്കളെ താൻ “ദൈവത്തിനടുത്തേക്ക് പറഞ്ഞയച്ചു” എന്നാണ് ഇയാൾ അവിടെയെത്തിയവരോട് പറഞ്ഞത്.
തന്നെക്കൊണ്ട് എഐ ആണ് ഇതു ചെയ്യിച്ചതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. എല്ലാം തോന്നിപ്പിച്ചതാണെന്നും മായയാണെന്നും തുടങ്ങി പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറഞ്ഞത്. എന്നാൽ പിന്നീട് പോലീസിനോട് സംസാരിക്കുമ്പോൾ താൻ നിരപരാധിയാണെന്നും ഇതെല്ലാം കള്ളമാണെന്നും പറഞ്ഞു.
അതേസമയം വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ മാതാപിതാക്കളായ ആന്റണിയെയും വത്സമ്മയെയും മകൻ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി തന്റെ ഒരു ബന്ധുവിന് അയച്ചുകൊടുക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ കണ്ട ബന്ധു പള്ളി വികാരിയെ വിവരമറിയിച്ചു. തുടർന്ന് വികാരിയും പഞ്ചായത്ത് മെമ്പറും പോലീസും സ്ഥലത്തെത്തിയപ്പോഴാണ് ക്രൂരമായ കൊലപാതകം പുറം ലോകമറിയുന്നത്.
ലഹരിക്കടിമയായ അജീഷ് വീട്ടിലെത്തി മാതാപിതാക്കളുമായി വഴക്കിട്ടതാണ് ഇത്തരമൊരു കൊടുംക്രൂരതയിലേക്ക് നയിച്ചത്. ഇയാൾ ഒരു ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നുവെന്നും രണ്ടാഴ്ച മുമ്പാണ് ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയതെന്നും പോലീസ് പറയുന്നു. കൊലപാതകം നടക്കുമ്പോൾ ആന്റണിയുടെ പ്രായമായ മാതാവും വീട്ടിലുണ്ടായിരുന്നു. എന്നാൽ അവർക്ക് കേഴ്വിയുടെ പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ കൊലപാതകവും കരച്ചിലുമൊന്നും കേട്ടില്ല.




