തിരുവനന്തപുരം: നെടുമങ്ങാട് കരിക്കുഴിയിലെ ഒന്നര വയസുകാരൻ അർഷിദിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ഇന്നലെയാണ് കുഞ്ഞ് മരിച്ചത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയതിനെ തുടർന്നാണ് മരണമെന്ന് രണ്ടാനച്ഛൻ അഷ്കർ പൊലീസിനും ആശുപത്രി അധികൃതർക്കും മൊഴി നൽകിയിരുന്നു.
ഇന്നലെ അഷ്കറാണ് കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയ്ക്കിടെ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ ഇൻക്വസ്റ്റിലാണ് കുഞ്ഞിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയത്.
കുട്ടിയെ രണ്ടാനച്ഛൻ അഷ്കർ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്ന് അമ്മൂമ്മ ഉൾപ്പെടെയുള്ള ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
കുഞ്ഞിന്റെ മൃതദേഹം നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാകും മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുക.
സംഭവവുമായി ബന്ധപ്പെട്ട് അഷ്കറിനെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. എന്നാൽ തുടർന്ന് വിട്ടയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് തെളിവുകളും അടിസ്ഥാനമാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

















































