മുതുകുളം (ആലപ്പുഴ): മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കതിൽ തങ്കമ്മ(80)യുടെ മരണം കൊലപാതകമാണെന്ന സംശയം ശക്തമാക്കി പോലീസ് അന്വേഷണം പുരോഗമിക്കുന്നു. തങ്കമ്മയെ ജീവനോടെ കായലിൽ കെട്ടിത്താഴ്ത്തിയതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും, തലയുടെ പിന്നിൽ അടിയേറ്റ പരിക്ക് കണ്ടെത്തിയിട്ടുണ്ട്.
പരിക്കേറ്റ് അബോധാവസ്ഥയിലായ ശേഷമാണ് തങ്കമ്മയെ കെട്ടിത്താഴ്ത്തിയതാകാമെന്നാണ് പോലീസിന്റെ സംശയം. പ്രതിയെ ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. എസ്.പി.യുടെ മേൽനോട്ടത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.
മോഷണലക്ഷ്യത്തോടെ നടത്തിയ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തങ്കമ്മയെയും വീടിനെയുംക്കുറിച്ച് വ്യക്തമായ അറിവുള്ളവരാണ് സംഭവത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. ഒന്നിലധികം പേർ സംഭവത്തിൽ പങ്കാളികളായിട്ടുണ്ടാകാമെന്നും സംശയിക്കുന്നു. നാട്ടുകാരിൽ ചിലരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. അയൽവാസികളുടേയും മൊഴി പോലീസ് രേഖപ്പെടുത്തി.
ഒറ്റയ്ക്ക് താമസിച്ചിരുന്ന തങ്കമ്മയെ തിങ്കളാഴ്ച രാവിലെയായിരുന്നു കാണാതായത്. കനകക്കുന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെ, ചൊവ്വാഴ്ച പുലർച്ചെ ആറുമണിയോടെ ആറാട്ടുപുഴ കിഴക്കേക്കര കീരിക്കാട് ജെട്ടിക്ക് സമീപം കായംകുളം കായലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൈയും കാലും തുണികൊണ്ട് ബന്ധിച്ച നിലയിലും കഴുത്തിൽ കല്ല് കെട്ടിയ നിലയിലുമായിരുന്നു മൃതദേഹം. തങ്കമ്മ ധരിച്ചിരുന്ന ഏകദേശം ആറുപവൻ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഗൾഫിൽ ജോലി ചെയ്യുന്ന മകൻ സത്യദാസും ഗ്രഫ് സൈനികനായ മരുമകൻ മണിലാലും ബുധനാഴ്ച നാട്ടിലെത്തി.

















































