റായ്ചൂർ: കർണാടകയിലെ റായ്ചൂർ ജില്ലയിൽ 25കാരിയെ ക്രൂരമായി കൊലപ്പെടുത്തിയശേഷം ഒന്നരവയസുള്ള മകളെ യുവതിയുടെ മൃതദേഹത്തിന് മുകളിൽ കിടത്തി. സിന്ധനൂർ ഉപജില്ലയിലെ ആർഎച്ച് ക്യാമ്പ്-5ലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. ആർഎച്ച് ക്യാമ്പ്-4 സ്വദേശിയായ സ്നേഹ (25) ആണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിന്റെ പുറമ്പോക്കിലുള്ള വയലിലാണ് യുവതിയെ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്.
യുവതിയെ കല്ലുകൊണ്ട് തലയ്ക്കു ഇടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് സ്നേഹയുടെ ഭർത്താവ് അമിത്, കാമുകൻ എന്ന് പറയപ്പെടുന്ന ശുഭം എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തുന്നതിനും ആരാണ് കൃത്യം നടത്തിയതെന്ന് വ്യക്തമാക്കുന്നതിനുമാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.
സ്നേഹയുടെ മൃതദേഹം കണ്ടെത്തുമ്പോൾ ഒന്നരവയസുള്ള മകൾ അമ്മയെ മുറുകെപ്പിടിച്ച് കരയുന്ന നിലയിലായിരുന്നു. സംഭവം കണ്ട നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് പരിശോധിക്കുമ്പോൾ സ്നേഹയ്ക്ക് ജീവനുണ്ടായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടൻ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
വിവരമറിഞ്ഞ് സിന്ധനൂർ റൂറൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ, സ്നേഹയും അമിത്തും നാല് വർഷം മുമ്പാണ് വിവാഹിതരായതെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് മാസമായി സ്നേഹയ്ക്ക് ശുഭവുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഈ ബന്ധത്തെ തുടർന്നുണ്ടായ തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഉൾപ്പെടെ വിവിധ സാധ്യതകൾ പോലീസ് പരിശോധിച്ചുവരികയാണ്. എന്നാൽ കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അമിത്തിനെയും ശുഭത്തെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. സ്നേഹയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സിന്ധനൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുക. സംഭവം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.




