തിരുവനന്തപുരം: സൗഹൃദം സ്ഥാപിച്ച് വിമുക്ത ഭടനെ മദ്യം നൽകി മയക്കിയതിനുശേഷം മർദിച്ച് ഒൻപത് പവൻ സ്വർണവും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ. ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽനിന്നാണ് തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ദീപ, മകൻ അഖിൽ, സുഹൃത്ത് പ്രകാശ് എന്നിവരെ പോലീസ് പിടികൂടിയത്. മൂവരും ഹണിട്രാപ് മോഡലിൽ കവർച്ച നടത്തിയ ശേഷം ധ്യാനകേന്ദ്രത്തിൽ ഒളിവിൽ കഴിയുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരം അനുസരിച്ച് പോത്തൻകോട് സ്വദേശിയായ 68 വയസ്സുള്ള വിമുക്ത ഭടനുമായി എട്ടുമാസം മുൻപാണ് ദീപ സൗഹൃദം സ്ഥാപിക്കുന്നത്. തുടർന്ന് വിമുക്ത ഭടൻ കഴക്കൂട്ടം ചന്തവിളയിൽ നിർമിച്ച പുതിയ വീട് കാണുന്നതിനായി ദീപ മകനും സുഹൃത്തിനും ഒപ്പം എത്തി. ഇവിടെ വച്ച് അളവിൽ കൂടുതൽ മദ്യം നൽകിയശേഷം ഇയാളെ മർദിക്കുകയും പണവും സ്വർണവും കവരുകയുമായിരുന്നു. ഇയാളുടെ മാല, ബ്രേസ്‍ലറ്റ്, മൂന്ന് സ്വർണമോതിരം അടക്കം ഒൻപത് പവൻ സ്വർണവും ഫോൺ, പഴ്സ് തുടങ്ങിയ വസ്തുക്കളാണ് സംഘം മോഷ്ടിച്ചത്. സംഭവത്തിനു ശേഷം ഫോൺ ഓഫാക്കി പ്രതികൾ ധ്യാനം കൂടാൻ പോവുകയായിരുന്നു. അതേസമയം മുൻപും ഹണിട്രാപ് കേസിൽ ദീപ പ്രതിയായിട്ടുണ്ടെന്നും പോലീസ് പറയുന്നു.

















































