ടൊറന്റോ: ഹിന്ദു എന്നത് ഒരു പ്രത്യേക ആരാധനാരീതിയിലോ ഭാഷയിലോ ജീവിതരീതിയിലോ മാത്രം ഒതുങ്ങുന്നതല്ലെന്ന് ആർ.എസ്.എസ്. സർസംഘചാലക് മോഹൻ ഭാഗവത്. വൈവിധ്യങ്ങളെ ഉൾക്കൊള്ളുകയും ആദരിക്കുകയും ചെയ്യുന്നതാണ് ഭാരതീയ സംസ്കാരത്തിന്റെ കാതലെന്നും അദ്ദേഹം പറഞ്ഞു. ടൊറന്റോയിൽ കനേഡിയൻ ഹിന്ദു സംഘടനകൾ സംഘടിപ്പിച്ച ‘ഹിന്ദു വിശ്വബന്ധു എംബ്രേസ് ദി വേൾഡ് ഇൻ ഫ്രണ്ട്ഷിപ്പ്’ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി, മതം, ഭാഷ എന്നിവയിലെ വ്യത്യാസങ്ങൾ സ്വാഭാവികമാണെങ്കിലും ഏകത്വമാണ് യഥാർഥ യാഥാർഥ്യമെന്ന് ഭാഗവത് പറഞ്ഞു. വൈവിധ്യം ഏകത്വത്തിന്റെ മനോഹരമായ പ്രകടനമാണ്. അതിനെ ഭയപ്പെടേണ്ടതില്ലെന്നും പകരം ബഹുമാനിക്കുകയും ആഘോഷിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആവശ്യപ്പെടുന്നതിന് മുൻപുതന്നെ മറ്റുള്ളവർക്ക് സഹായഹസ്തം നീട്ടുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യവും ഡിഎൻഎയുമെന്ന് ഭാഗവത് പറഞ്ഞു. ‘ഹിന്ദു ഉണർന്നാൽ ലോകം ഉണരും’ എന്ന ആശയത്തിന് പിന്നിലുള്ളതും ഇതുതന്നെയാണ്. ലോകം മുഴുവൻ ഒരു കുടുംബമാണെന്ന ‘വസുധൈവ കുടുംബകം’ എന്ന ആശയത്തിൽ വിശ്വസിക്കുന്നവർക്ക് മറ്റുള്ളവരെ സേവിക്കുക എന്നത് കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തെ സേവിച്ചതിലൂടെയാണ് ഭാരതം വിശ്വഗുരുവായതെന്നും ഒരു വൻശക്തിയായി മാറി മറ്റുള്ളവരെ കീഴടക്കിയല്ലെന്നും ഭാഗവത് പറഞ്ഞു. ഭാരതത്തിന്റെ പൂർവികർ മെക്‌സിക്കോ മുതൽ സൈബീരിയ വരെയും തെക്കുകിഴക്കൻ ഏഷ്യയിലേക്കും യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ, അവർ ഒരു രാജ്യവും കീഴടക്കിയില്ല. പകരം ജ്യോതിശാസ്ത്രം, ആയുർവേദം തുടങ്ങിയ അറിവുകളും സാംസ്‌കാരിക മൂല്യങ്ങളുമാണ് ലോകത്തിന് പകർന്നുനൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ പീഡനം നേരിട്ട മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, ജൂതന്മാർ, പാഴ്‌സികൾ എന്നിവർക്ക് ഭാരതത്തിൽ സുരക്ഷിതമായി അഭയം ലഭിച്ചിട്ടുണ്ടെന്നും ഭാഗവത് ചൂണ്ടിക്കാട്ടി. രണ്ടാം ലോകമഹായുദ്ധകാലത്ത് പോളണ്ടിൽനിന്നുള്ള അഭയാർഥികൾക്ക് ജാംനഗർ മഹാരാജാവ് അഭയം നൽകിയതും പശ്ചിമേഷ്യയിലെ യുദ്ധമേഖലയിൽനിന്ന് ഇന്ത്യൻ സൈനിക വിമാനം സ്വന്തം പൗരന്മാർക്കൊപ്പം മറ്റ് ഏഴ് രാജ്യങ്ങളിലെ പൗരന്മാരെയും രക്ഷിച്ചതും അദ്ദേഹം ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി.
കനേഡിയൻ ഹിന്ദുസ് ഫോർ ഔട്ട്റീച്ച്, റിലേഷൻസ് ആൻഡ് ഡയലോഗ് (CHORD) സംഘടിപ്പിച്ച സമ്മേളനത്തിൽ കാനഡയിലെ എട്ട് പ്രവിശ്യകളിൽനിന്നായി 2,500ലധികം പ്രതിനിധികൾ പങ്കെടുത്തു. മുൻ കനേഡിയൻ പ്രതിരോധ മന്ത്രി ജേസൺ കെന്നിയും ചടങ്ങിൽ പങ്കെടുത്തു.
നേരത്തെ യുഎസിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിലും ഭാഗവത് സമാനമായ സമ്മേളനത്തിൽ സംസാരിച്ചിരുന്നു. ഇന്ത്യയിൽ മുസ്ലീങ്ങൾ വേണ്ടെന്നു ചിന്തിക്കുന്നവർ ഹിന്ദുവാകില്ല എന്നതുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ അന്ന് ശ്രദ്ധ നേടിയിരുന്നു. ഭാഗവത് സംസാരിക്കാനെത്തുന്നതിനെതിരെ മാഡിസൺ സ്‌ക്വയറിൽ പ്രതിഷേധവും അരങ്ങേറിയിരുന്നു.






