പത്തനംതിട്ട: നടൻ സന്തോഷ് കെ. നായർ (66) വാഹനാപകടത്തിൽ മരിച്ചു. അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടം. ഭാര്യ രാജലക്ഷ്മിക്ക് ഗുരുതര പരുക്കുണ്ട്. ചൊവ്വാഴ്ച രാവിലെ 6.15-നാണ് അപകടം. തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷ് നായരും ഭാര്യ ശുഭശ്രീയും സന്തോഷാണ് വാഹനം ഓടിച്ചത്.
കാർ വെട്ടിപ്പൊളിച്ചാണ് സന്തോഷിനേയും ഭാര്യയേയും പുറത്തെടുത്തത്. ഉടൻ തന്നെ നാട്ടുകാർ അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ലോറി ഡ്രൈവർക്കും പരുക്കുണ്ട്.
1982ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാരംഗത്തേക്ക് എത്തിയത്. പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം. വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1960 നവംബർ 12ന് തിരുവനന്തപുരത്ത് സി.എൻ. കേശവൻ നായരുടെയും പി. രാജലക്ഷ്മി അമ്മയുടെയും മകനായാണ് ജനനം. എംജി കോളജിൽ നടൻ മോഹൻലാലിന്റെ ജൂനിയറായിരുന്നു.














































